Delhi Capitals vs Lucknow Super Giants: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഒരു വിക്കറ്റിനു തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടിയപ്പോള്‍ മൂന്ന് പന്തുകളും ഒരു വിക്കറ്റും ശേഷിക്കെ ഡല്‍ഹി അത് മറികടന്നു. അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന അശുതോഷ് ശര്‍മയാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി.
65-5 എന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ അവിശ്വസനീയമാം വിധം തിരിച്ചുകൊണ്ടുവരികയായിരുന്നു ഇംപാക്ട് പ്ലെയര്‍ ആയി ക്രീസിലെത്തിയ അശുതോഷ് ശര്‍മ. 31 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും സഹിതം 66 റണ്‍സുമായി അശുതോഷ് പുറത്താകാതെ നിന്നു. ഇരുപതുകാരനായ വിപ്രജ് നിഗം 15 പന്തില്‍ 39 റണ്‍സുമായി അശുതോഷിനു മികച്ച പിന്തുണ നല്‍കി. അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങിയതാണ് വിപ്രജിന്റെ ഇന്നിങ്‌സ്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് (22 പന്തില്‍ 34), ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസ് (18 പന്തില്‍ 29) എന്നിവരുടെ ഇന്നിങ്‌സുകളും ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായി. രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ശര്‍ദുല്‍ താക്കൂര്‍ പരുക്കിനെ തുടര്‍ന്ന് കളം വിട്ടത് ലഖ്‌നൗവിനു തിരിച്ചടിയായി.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിനു വേണ്ടി മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ 72), നിക്കോളാസ് പൂറാന്‍ (30 പന്തില്‍ 75) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഡേവിഡ് മില്ലര്‍ 19 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു.