സിറാജിനു രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വഴി തുറന്നുകൊടുത്തത് ആര്‍സിബിയിലെ മികച്ച പ്രകടനങ്ങളാണ്. ആര്‍സിബി വിട്ടെങ്കിലും ബെംഗളൂരുവില്‍ ഇപ്പോഴും സിറാജിനു ആരാധകരുണ്ട്. അതുകൊണ്ട് തന്നെ സിറാജ് ആര്‍സിബിക്കെതിരെ പന്തെറിയുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുകയായിരുന്നു. അവര്‍ക്കു മുന്നിലാണ് സിറാജ് നിറഞ്ഞാടിയത്.
നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി സിറാജ് വീഴ്ത്തിയത് മൂന്ന് വിക്കറ്റുകളാണ്. ചിന്നസ്വാമിയിലെ സിറാജിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. ഓപ്പണര്‍ വിരാട് കോലി പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ വണ്‍ഡൗണ്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയാണ് സിറാജ് വിക്കറ്റ് വേട്ട ആരംഭിച്ചത്. മികച്ച ഫോമില്‍ ബാറ്റിങ് ആരംഭിച്ച ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ വീഴ്ത്തി സിറാജ് വീണ്ടും ഞെട്ടിച്ചു. സാള്‍ട്ട് 105 മീറ്റര്‍ സിക്സര്‍ പറത്തിയതിനു പിന്നാലെയാണ് സിറാജിന്റെ ഞെട്ടിക്കുന്ന തിരിച്ചുവരവ്. സിറാജിന്റെ പന്തില്‍ സാള്‍ട്ട് ക്ലീന്‍ ബൗള്‍ഡ്, അതും ഓഫ് സ്റ്റംപ് തെറിച്ചുപോയി ! ഈ വിക്കറ്റിനു ശേഷം സിറാജ് നടത്തിയ ആഘോഷപ്രകടനവും ആര്‍സിബി ആരാധകരുടെ നെഞ്ചത്ത് ആണിയടിക്കുന്നതിനു തുല്യമായിരുന്നു. തന്റെ നാലാം ഓവറില്‍ ആര്‍സിബിയുടെ ടോപ് സ്‌കോറര്‍ ലിയാം ലിവിങ്സ്റ്റണിനെയും സിറാജ് പുറത്താക്കി.
ആര്‍സിബിയോടു മധുര പ്രതികാരം ചെയ്യുകയായിരുന്നു സിറാജ്. കഴിഞ്ഞ സീസണ്‍ വരെ ബെംഗളൂരുവിന്റെ ഏറ്റവും വിശ്വസ്തനായ താരമായിരുന്നു. മെഗാ താരലേലത്തിനു മുന്നോടിയായി ബെംഗളൂരു സിറാജിനെ നിലനിര്‍ത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സിറാജിനെ നിലനിര്‍ത്താന്‍ മാനേജ്മെന്റ് തയ്യാറായില്ല. താരലേലത്തില്‍ സിറാജിനെ സ്വന്തമാക്കാനും ആര്‍സിബിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായില്ല. ഒടുവില്‍ 12.25 കോടിക്ക് ഗുജറാത്ത് സിറാജിനെ തങ്ങളുടെ പാളയത്തില്‍ എത്തിച്ചു.