RCB vs GT: ചിക്കു ഭായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഡി.എസ്.പി സിറാജ് എന്തു ചെയ്യും? കാണാം ആവേശപ്പോര്

രേണുക വേണു

ബുധന്‍, 2 ഏപ്രില്‍ 2025 (10:52 IST)
Virat Kohli and Mohammed Siraj

RCB vs GT: ഐപിഎല്ലില്‍ ഇന്ന് സുഹൃത്തുക്കളുടെ പോരാട്ടം. ബെംഗളൂരുവിലെ ചിന്നസ്വാമിയില്‍ വെച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടുമ്പോള്‍ വിരാട് കോലി - മുഹമ്മദ് സിറാജ് പോരായിരിക്കും ശ്രദ്ധിക്കപ്പെടുക. 
 
നേരത്തെ ആര്‍സിബി താരമായിരുന്നു സിറാജ്. കോലിയുടെ വളരെ അടുത്ത സുഹൃത്തും. ആര്‍സിബിയില്‍ കോലി- സിറാജ് കൂട്ടുകെട്ടിനു പ്രത്യേക ഫാന്‍ ബെയ്‌സും ഉണ്ടായിരുന്നു. ഇത്തവണ മെഗാ താരലേലത്തിനു മുന്നോടിയായി സിറാജിനെ ആര്‍സിബി റിലീസ് ചെയ്തു. താരലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ആര്‍സിബി താരത്തെ സ്വന്തമാക്കി. 
 
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരിശീലനത്തിനിടെ കോലിയും സിറാജും കണ്ടുമുട്ടുകയും കുശലാന്വേഷണം നടത്തുകയും ചെയ്തിരുന്നു. കോലി സിറാജിനെ ആലിംഗനം ചെയ്യുന്ന വീഡിയോ ആര്‍സിബി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 


താന്‍ ആദ്യമായാണ് കോലിക്കെതിരെ പന്തെറിയാന്‍ പോകുന്നതെന്നും അതിന്റെ ആവേശത്തിലാണെന്നും സിറാജ് പറഞ്ഞു. ' നെറ്റ്‌സില്‍ ഞാന്‍ അദ്ദേഹത്തിനെതിരെ (കോലി) ഒരുപാട് പന്തെറിഞ്ഞിട്ടുണ്ട്. എന്നാല്‍ കോലിയുടെ ടീമിനെതിരെ ഞാന്‍ കളിക്കാന്‍ പോകുന്നത് ആദ്യമായാണ്. ഞാന്‍ അതിനെ വളരെ തമാശയോടെയാണ് കാണുന്നത്, മാത്രമല്ല എനിക്ക് നല്ല ആവേശവും ഉണ്ട്,' സിറാജ് പറഞ്ഞു. 
 
ഗുജറാത്തിനു വേണ്ടി ആദ്യ ഓവര്‍ എറിയാനെത്തുക സിറാജ് ആയിരിക്കും. ആര്‍സിബിയുടെ ഓപ്പണറാണ് വിരാട് കോലി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍