ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ബാറ്റര്‍മാരുടേത് മാത്രമായി ഒതുങ്ങുന്നുവെന്ന വിമര്‍ശനവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഓള്‍റൗണ്ടര്‍ താരം ഷാര്‍ദൂല്‍ ഠാക്കൂര്‍. പിച്ചുകള്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമായി ഒരുക്കുന്നത് പോലെ ബൗളര്‍മാരെ സഹായിക്കാനുമുള്ള എന്തെങ്കിലും ഉറപ്പാക്കണമെന്ന് ഠാക്കൂര്‍ പറയുന്നു. പഞ്ചാബ് കിങ്ങ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് ഠാക്കൂര്‍ ഈ ആവശ്യം ഉന്നയിച്ചത്.
പിച്ചും നിയമങ്ങളും ഉള്‍പ്പടെ എല്ലാം ബാറ്റര്‍മാര്‍ക്ക് അനുകൂലമാണെന്ന് ചൂണ്ടികാട്ടിയ താരം എന്തിനാണ് ബൗളര്‍മാരെ തല്ലിചതയ്ക്കാന്‍ അവസരം നല്‍കുന്ന പിച്ചുകള്‍ തയ്യാറാക്കുന്നത് നീതികേടാണെന്നും വിമര്‍ശിച്ചു. ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ മത്സരങ്ങള്‍ കഴിയുമ്പോള്‍ തന്നെ ആറിലധികം തവണ ടീമുകള്‍ 200 പിന്നിട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഷാര്‍ദൂല്‍ ഠാക്കൂറിന്റെ വിമര്‍ശനം.
ഇത് എന്റെ മാത്രം ആവശ്യമല്ല. എല്ലാ ബൗളര്‍മാരുടെയും ആവശ്യമാണ്. അവരില്‍ പലരും ഇത് തുറന്ന് പറയുന്നില്ല. ഇതുപോലെ പലര്‍ക്കും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിലപാട് പറയാനും അവസരം ലഭിക്കില്ല. ബാറ്റര്‍മാര്‍ക്ക് മാത്രം അനുകൂലമാകാതെ ബൗളര്‍മാര്‍ക്ക് കൂടി അവസരം ലഭിക്കുന്ന പിച്ചുകള്‍ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. മത്സരത്തില്‍ ബാറ്റര്‍മാരെ പോലെ ഞങ്ങള്‍ക്കും തുല്യ അവസരം ഉറപ്പാക്കണം. ഷാര്‍ദൂല്‍ പറഞ്ഞു.