അവരുടെ മുന്നിലൂടെ എങ്ങനെ 3 ലക്ഷത്തിന്റെ വാച്ച് ധരിക്കും, പണത്തിന്റെ വില എനിക്കറിയാം: വരുണ്‍ ചക്രവര്‍ത്തി

അഭിറാം മനോഹർ

വെള്ളി, 17 ഒക്‌ടോബര്‍ 2025 (19:12 IST)
ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവാക്കുന്നത് തനിക്ക് മനഃപ്രയാസമുണ്ടാക്കുന്ന കാര്യമാണെന്ന് ഇന്ത്യന്‍ സ്പിന്‍ താരം വരുണ്‍ ചക്രവര്‍ത്തി.പണത്തിന്റെ വിലയെന്താണെന്ന് അറിഞ്ഞാണ് വളര്‍ന്നത്. അതിനാല്‍ തന്നെ ലഭിക്കുന്ന പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് താന്‍ കരുതുന്നതെങ്കിലും അതേസമയം ആഡംബര വസ്തുക്കളില്‍ പണം ചെലവാക്കുന്നവരെ കുറ്റപ്പെടുത്താനില്ലെന്നും വരുണ്‍ പറയുന്നു. ബ്രേക്ക്ഫാസ്റ്റ് വിത് ചാമ്പ്യന്‍സ് എന്ന പരിപാടിക്കിടെയാണ് വരുണ്‍ ചക്രവര്‍ത്തി മനസ്സ് തുറന്നത്.
 
 സാധാരണ ഒരു മിഡില്‍ക്ലാസുകാരന്റെ മനസാണ് എനിക്കുള്ളത്. പണത്തിന് എന്തെല്ലാം ചെയ്യാം എന്നെനിക്കറിയാം. പണത്തിന്റെ വില എന്താണെന്ന് അറിഞ്ഞാണ് വളര്‍ന്നത്. അതുകൊണ്ട് തന്നെ അത് ഉപയോഗിക്കുമ്പോള്‍ അത്രയും കരുതലും ശ്രദ്ധയും വേണം. എന്റെ ലൈഫ്‌സ്‌റ്റൈല്‍ മാറ്റുന്നതിനേക്കാള്‍ മറ്റൊരാളുടെ ജീവിതം മെച്ചപ്പെടുത്തുന്നതാണ് കൂടുതല്‍ മനോഹരമായിട്ടുള്ളത്.
 
ഒരിക്കല്‍ ഒരു വിലയേറിയ ഒരു വാച്ച് ഞാന്‍ വാങ്ങി. പിന്നീട് അതില്‍ കുറ്റബോധം ഉണ്ടായിട്ടുണ്ട്.ഞാന്‍ 30 ലക്ഷത്തിന്റെയോ 40 ലക്ഷത്തിന്റെയോ ഒരു വാച്ച് വാങ്ങിയെന്ന് കരുതു. ഒരാളുടെ ഒന്നോ രണ്ടോ തലമുറയുടെ ജീവിതം മാറ്റാനുള്ള ശേഷി ആ പണത്തിനുണ്ട്. ഇതിലും വിലകൂടിയ സാധനങ്ങള്‍ വാങ്ങുന്നവരെ എനിക്കറിയാം. എന്റെ ബാല്യകാല സുഹൃത്തുക്കളില്‍ പലരും ഇപ്പോഴും ഫുഡ് ഡെലിവറിക്ക് പോകുന്നവരാണ്. അവര്‍ക്ക് മുന്നിലൂടെ അങ്ങനെയുള്ള വാച്ചോ മറ്റ് സാധനങ്ങളോ ഉപയോഗിച്ച് ആഡംബരം കാണിക്കുന്നത് അവരെ നിന്ദിക്കുന്നത് പോലെയാണ്. ഇതെല്ലാം എന്റെ ചിന്തകളാണ്. മറ്റാരെയും ജഡ്ജ് ചെയ്യാന്‍ ഞാന്‍ ആളല്ല. വരുണ്‍ ചക്രവര്‍ത്തി വിശദീകരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍