Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്
ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യയ്ക്കായി കളിക്കുന്നു എന്നത് തന്നെയായിരുന്നു ഇതിനുള്ള കാരണം. എന്നാല്‍ മടങ്ങിവരവിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരും നടത്തിയത്. രോഹിത് 8 റണ്‍സുമായി മടങ്ങിയപ്പോള്‍ കോലി റണ്‍സൊന്നും നേടാതെയാണ് മടങ്ങിയത്.
15-20 വര്‍ഷമായി താന്‍ സജീവക്രിക്കറ്റ് കളിച്ചുവരികയാണെന്നും ഇത്രയും നീണ്ട കാലയളവില്‍ തനിക്ക് മതിയായ വിശ്രമം പലപ്പൊഴും ലഭിച്ചിട്ടില്ലെന്നും നിലവില്‍ ലഭിച്ച ഈ ഇടവേള തന്റെ ശരീരത്തിനും മനസിനും പുതുമ നല്‍കിയിട്ടുണ്ടെന്നാണ് കോലി പറഞ്ഞത്. അതേസമയം ഫിറ്റ്‌നസിനെ പറ്റി ഉയരുന്ന സംശയങ്ങളെ കോലി തള്ളികളഞ്ഞു. ഞാന്‍ ഇപ്പോള്‍ മുന്‍പത്തേക്കാള്‍ ഫിറ്റാണ്. ശാരീരികമായി പ്രയാസങ്ങളൊന്നുമില്ല. മാനസികമായും മത്സരങ്ങള്‍ക്ക് എപ്പോഴും തയ്യാറാണ് കോലി പറഞ്ഞു.
ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നത് ശരീരം ഫിറ്റായിരിക്കണം,റിഫ്‌ലെക്‌സ് പ്രധാനമാണ്. അത്രയും ഉണ്ടെങ്കില്‍ തന്നെ ഗെയിം അവയര്‍നെസ് സ്വാഭാവികമായും വരും. ഓസ്‌ട്രേലിയയില്‍ എത്തിയ ശേഷം നെറ്റ്‌സിലും ഫീല്‍ഡിലും എനിക്ക് നല്ല ഫ്‌ളോ ആണ് അനുഭവപ്പെടുന്നത് കോലി പറഞ്ഞു. എന്നാല്‍ മത്സരം തുടങ്ങി പതിവ് രീതിയില്‍ ഫിഫ്ത് സ്റ്റമ്പ് ലൈനിലുള്ള പന്തില്‍ തന്നെ കോലി പുറത്താവുകയും ചെയ്തു. 8 പന്തുകളില്‍ പൂജ്യം റണ്‍സ് എന്ന മോശം സ്‌കോറിലാണ് കോലി പുറത്തായത്.