ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയ്ക്കും രോഹിത് ശര്‍മയ്ക്കും എളുപ്പമാവില്ലെന്ന് മുന്‍ ഓസീസ് താരമായ ഷെയ്ന്‍ വാട്ട്‌സണ്‍. നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമ്പോള്‍ വെല്ലുവിളികള്‍ ഏറെയാണെന്നാണ് വാട്ട്‌സണ്‍ വ്യക്തമാക്കുന്നത്. നിലവില്‍ ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച കോലിയും രോഹിത്തും ഈ വര്‍ഷം ആദ്യം നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
ഈ മാസം 19നാണ് ഓസീസിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇത്രയും നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി മികച്ച പ്രകടനം കാഴ്ചവെയ്ക്കുക എന്നത് എളുപ്പമല്ല. പ്രത്യേകിച്ച് മികച്ച ബൗളര്‍മാരുള്ള ഓസീസിനെ പോലെ ഒരു ടീമിനെ നേരിടുമ്പോള്‍. എങ്കിലും കോലിയും രോഹിത്തും ലോകോത്തര താരങ്ങളാണ് താളം വീണ്ടെടുക്കാന്‍ അവര്‍ക്ക് അധിക സമയം എടുക്കേണ്ടി വന്നേക്കില്ല.
ഇത് രോഹിത്തിന്റെയും കോലിയുടെയും അവസാനത്തെ ഓസ്‌ട്രേലിയന്‍ പര്യടനമായേക്കാം. ഓസ്‌ട്രേലിയന്‍ കാണികള്‍ അവരെ എത്രമാത്രം ബഹുമാനിക്കുന്നു എന്ന് കാണിക്കാന്‍ ഈ പരമ്പര ഉപയോഗിക്കുമെന്ന് ഞാന്‍ കരുതുന്നു. വര്‍ഷങ്ങളായി ഓസീസിന്റെ കടുത്ത എതിരാളികളില്‍ ഒരാളാണ് കോലി.എപ്പോഴും ഞങ്ങള്‍ക്കെതിരെ മികച്ച പ്രകടനം നടത്തുന്നു. രോഹിത്തിനോടും ഇതേ ബഹുമാനമാണുള്ളത്. വാട്ട്‌സണ്‍ കൂട്ടിച്ചേര്‍ത്തു.