ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രധാനതാരങ്ങളില്‍ ഒരാളാണെങ്കിലും ഫിറ്റ്‌നസിന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് രോഹിത് ശര്‍മ.റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കില്‍ രോഹിത്തിന്റെ തടിച്ച ശരീരം ഒരു കായികതാരത്തിന് ചേര്‍ന്നതല്ലെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന സിയറ്റ് അവാര്‍ഡ്‌സ് വേദിയില്‍ 20 കിലോയോളം ശരീരഭാരം കുറച്ചുകൊണ്ടാണ് രോഹിത് ഞെട്ടിച്ചത്.
2027ലെ ഏകദിന ലോകകപ്പില്‍ ഫിറ്റ്‌നസ് സംബന്ധിച്ച ആശങ്കള്‍ ഉയരാതിരിക്കാനാണ് കൃത്യമായ വ്യായാമവും ഭക്ഷണനിയന്ത്രണവും കൊണ്ട് രോഹിത് തന്റെ ഭാരം കുറച്ചത്. എണ്ണയില്‍ പൊരിച്ച പലഹാരങ്ങളും ബട്ടര്‍ ചിക്കന്‍, ചിക്കന്‍ ബിരിയാണി എന്നിവയും താന്‍ ഡയറ്റില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കിയെന്ന് രോഹിത് പറയുന്നു. കുതിര്‍ത്ത ബദാം, മുളപ്പിച്ച സാലഡ്, പഴങ്ങള്‍ ചേര്‍ത്ത് ഓട്ട്‌സ്, പരിപ്പ്, പനീര്‍, പാല്‍ എന്നിവയാണ് രോഹിത്തിന്റെ ഡയറ്റില്‍ പ്രധാനമായുള്ളത്. ഇതിനൊപ്പം കൃത്യമായ വ്യായാമമാണ് 20 കിലോ കുറയ്ക്കാന്‍ താരത്തെ സഹായിച്ചത്.
നിലവില്‍ ഓസീസ് പരമ്പരയില്‍ ഏകദിന ടീമില്‍ ഇടം പിടിച്ചിട്ടുള്ള രോഹിത് ശുഭ്മാന്‍ ഗില്ലിന്റെ നായകത്വത്തിന് കീഴിലാകും കളിക്കുക. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാനും 2024ലെ ടി20 ലോകകിരീടം, ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി എന്നിവ നേടാനും രോഹിത്തിന് കീഴില്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. 38കാരനായ താരം 273 ഏകദിനങ്ങളില്‍ നിന്ന് 32 സെഞ്ചുറികളോടെ 11,168 റണ്‍സും 67 ടെസ്റ്റില്‍ 12 സെഞ്ചുറികളോടെ 4301 റണ്‍സും 159 ടി20 മത്സരങ്ങളില്‍ നിന്ന് 5 സെഞ്ചുറികളോടെ 4231 റണ്‍സും നേടിയിട്ടുണ്ട്.