രോഹിത്തിനെയും കോലിയേയും അശ്വിനെയും പുറത്താക്കി, എല്ലാത്തിനും പിന്നിൽ ഗംഭീറെന്ന് മുൻതാരം

അഭിറാം മനോഹർ

ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (18:02 IST)
ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ പുറത്താക്കി ശുഭ്മാന്‍ ഗില്ലിനെ നായകനാക്കിയതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഇന്ത്യന്‍ ടീമിലെ നിലവിലെ വിവാദങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ ഗംഭീറാണെന്നും സീനിയര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ താന്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയമാണ് അശ്വിനെയും രോഹിത്തിനെയും കോലിയേയും പുറത്താക്കാന്‍ കാരണമെന്നും തിവാര്‍ ആരോപിച്ചു.
 
 സീനിയര്‍ താരങ്ങളായ അശ്വിനും കോലിയ്ക്കും രോഹിത്തിനുമെല്ലാം കോച്ചിനേക്കാളും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകളേക്കാളും മത്സരപരിചയമുണ്ട്. അവര്‍ ടീമിലുണ്ടെങ്കില്‍ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടാം. അതുകൊണ്ട് തന്നെ അവരെ ഒഴിവാക്കുക എന്ന തന്ത്രമാണ് ഗംഭീര്‍ പയറ്റിയതെന്നാണ് മനോജ് തിവാരി പറയുന്നത്. ഗംഭീര്‍ പരിശീലകനായതിന് ശേഷം ഒട്ടേറെ വിവാദതീരുമാനങ്ങളുണ്ടായി. പലതും ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമായിരുന്നില്ല.
 
 ഗംഭീര്‍ പരിശീലകനായതിന് ശേഷമാണ് അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിച്ചത്. പിന്നാലെ കോലിയും രോഹിത്തും വിരമിച്ചു. ചില കളിക്കാരെ യാതൊരു മാനദണ്ഡവുമില്ലാതെയാണ് ടീമില്‍ എടുക്കുന്നതും കളിപ്പിക്കുന്നതും. ടീം സെലക്ഷനില്‍ യാതൊരു സ്ഥിരതയും ഗംഭീര്‍ പുലര്‍ത്തുന്നില്ല. എന്നാല്‍ ഏകദിന ടീമില്‍ കോലി, രോഹിത് എന്നിവരെ പുറത്താക്കാന്‍ ഗംഭീര്‍ ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. കാരണം ആ ഫോര്‍മാറ്റിലെ അവരുടെ പ്രകടനങ്ങളാണ്.
 
 എന്നാല്‍ അവരില്‍ അരക്ഷിത ബോധമുണ്ടാക്കി ഡ്രസ്സിംഗ് റൂമില്‍ തങ്ങളുടെ ആവശ്യമില്ലെന്ന തോന്നലുണ്ടാക്കാന്‍ ഇപ്പോഴത്തെ തീരുമാനത്തിലൂടെ ഗംഭീറിന് കഴിയും. അതുവഴി കൂടുതല്‍ അപഹാസ്യരാവാന്‍ നില്‍ക്കാതെ അവര്‍ വിരമിക്കുമെന്നാണ് ഗംഭീര്‍ കണക്കാക്കുന്നത്. അടുത്ത ലോകകപ്പില്‍ അവരെ കളിപ്പിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അതൊരു മോശം തീരുമാനമാകും. മനോജ് തിവാരി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍