അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 2-1 നു പിന്നില്‍ നിന്ന ശേഷം 2-2 സമനിലയില്‍ എത്തിക്കാന്‍ ഗില്ലിനു സാധിച്ചെന്നാണ് ഇംഗ്ലണ്ട് പര്യടനത്തിനു ശേഷമുള്ള വിലയിരുത്തല്‍. ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ പരിചയസമ്പത്ത് കുറവായിരുന്നിട്ടും മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയെ മികച്ച രീതിയില്‍ ഗില്ലിനു നയിക്കാന്‍ സാധിച്ചെന്ന് സെലക്ടര്‍മാര്‍ വിലയിരുത്തി. സമ്മര്‍ദ്ദങ്ങളെ കൂളായി നേരിടുന്ന ക്യാപ്റ്റന്‍സിയാണ് ഗില്ലിന്റേതെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ബിസിസിഐ നേതൃത്വത്തെ അറിയിച്ചു. ഇതിനു പിന്നാലെയാണ് ഏകദിന ക്യാപ്റ്റന്‍സിയിലേക്ക് ഗില്ലിനെ കൊണ്ടുവന്നത്.
മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ നിലപാടും ഗില്ലിനെ ഏകദിന നായകസ്ഥാനത്തേക്ക് കൊണ്ടുവന്നതില്‍ നിര്‍ണായകമായി. അടുത്ത ഏകദിന ലോകകപ്പ് കൂടി ലക്ഷ്യമിട്ടായിരിക്കണം ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കേണ്ടതെന്ന് ഗംഭീര്‍ ചീഫ് സെലക്ടര്‍മാരെ അറിയിച്ചു. ശുഭ്മാന്‍ ഗില്ലിനെ തന്നെയാണ് ഗംഭീര്‍ നായകസ്ഥാനത്തേക്ക് നിര്‍ദേശിച്ചതും.
38 കാരനായ രോഹിത് ശര്‍മയ്ക്കു അടുത്ത ഏകദിന ലോകകപ്പ് ആകുമ്പോഴേക്കും 41 വയസാകും. താരത്തിനു ഇനിയൊരു ലോകകപ്പ് കളിക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് നായകസ്ഥാനത്തു നിന്ന് മാറ്റിയിരിക്കുന്നത്. ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍, ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ എന്നിവര്‍ ചേര്‍ന്നു ഒറ്റക്കെട്ടായാണ് രോഹിത്തിനെ നായകസ്ഥാനത്തു നിന്ന് മാറ്റി ഗില്ലിനെ നിയമിക്കാന്‍ തീരുമാനിച്ചതെന്ന് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2027 ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഗില്‍ ഇന്ത്യയെ നയിക്കുമെന്നാണ് ബിസിസിഐയുടെ തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നത്. അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും ഏകദിന ഫോര്‍മാറ്റ് നായകസ്ഥാനത്ത് ഗില്ലിനു പരിചയസമ്പത്ത് ആവശ്യമാണ്. അതുകൊണ്ടാണ് രോഹിത്തിനെ മാറ്റുന്നതെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യം രോഹിത്തിനെയും ബിസിസിഐ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.