അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

അഭിറാം മനോഹർ

വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (11:27 IST)
ഏഷ്യാകപ്പില്‍ അഫ്ഗാനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കന്‍ താരം ദുനിത് വെല്ലാലെഗെ പന്തെറിഞ്ഞത് പിതാവ് മരിച്ച വിവരം അറിയാതെ. മത്സരത്തില്‍ ആദ്യ 3 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയെ വെല്ലാലെഗെയുടെ അവസാന ഓവറില്‍ അഫ്ഗാന്‍ താരം മുഹമ്മദ് നബി അഞ്ച് സിക്‌സ് തുടര്‍ച്ചയായി അടിച്ചിരുന്നു.
 
മത്സരത്തില്‍ 6 വിക്കറ്റിന്റെ ആധികാരികമായ വിജയം ശ്രീലങ്ക സ്വന്തമാക്കിയതിന് ശേഷമാണ് ശ്രീലങ്കന്‍ പരിശീലകന്‍ സനത് ജയസൂര്യയും ടീം മാനേജറും പിതാവിന്റെ മരണവാര്‍ത്ത അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് വെല്ലാലെഗെയുടെ പിതാവ് സുരംഗ വെല്ലാലെഗെ മരിച്ചതെന്നാണ് വിവരം. മത്സരത്തിലെ സമ്മാനദാനചടങ്ങുകള്‍ക്ക് പിന്നാലെ ടീം വിട്ട വെല്ലാലെഗെ കുടുംബത്തിനൊപ്പം ചേരാനായി കൊളംബോയിലേക്ക് പോയി.
 
ഇതോടെ ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ വെല്ലാലെഗെ മത്സരിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായി. നാളെ ബംഗ്ലാദേശിനെതിരെയും 23ന് പാകിസ്ഥാനെതിരെയും 26ന് ഇന്ത്യക്കെതിരെയുമാണ് ശ്രീലങ്കയുടെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍.ശ്രീലങ്കയ്ക്കായി ഏഷ്യാകപ്പിലെ ആദ്യ മത്സരമാണ് വെല്ലാലെഗെ ഇന്നലെ അഫ്ഗാനെതിരെ കളിച്ചത്. ശ്രീലങ്കയുടെ പുതിയ താരങ്ങളില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള യുവതാരമാണ് 22കാരനായ വെല്ലാലെഗെ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍