ഒരു പരമ്പര നോക്കി വിലയിരുത്തരുത്, ഇന്ത്യയ്ക്കായി കളിക്കാൻ ഞാൻ യോഗ്യനാണ്: കരുൺ നായർ

അഭിറാം മനോഹർ

ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (17:16 IST)
ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതില്‍ നീരസം പരസ്യമാക്കി ഇന്ത്യന്‍ താരം കരുണ്‍ നായര്‍. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച് ദേശീയ ടീമില്‍ ഇടം പിടിച്ചെങ്കിലും ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിനായില്ല. നിലവില്‍ രഞ്ജി ട്രോഫിയില്‍ കളിക്കുന്ന കരുണ്‍ ഗോവയ്‌ക്കെതിരെ സെഞ്ചുറിയുമായി തകര്‍പ്പന്‍ ഫോമിലാണ്. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതില്‍ താരം പ്രതികരിച്ചത്.
 
 ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ 2-3 സീസണുകളിലായി മികച്ച പ്രകടനം നടത്തുന്ന കരുണ്‍ ഗോവക്കെതിരെ പുറത്താകാതെ 174 റണ്‍സാണ് നേടിയത്. അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി തനിക്ക് മതിയായ അവസരം നല്‍കിയില്ലെന്നാണ് കരുണ്‍ പറയുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 4 ടെസ്റ്റുകളില്‍ നിന്നും 205 റണ്‍സാണ് കരുണ്‍ ആകെ നേടിയത്. പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും താരം പുറത്തായിരുന്നു.
 
 തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കാതെ പോയതില്‍ നിരാശനാണ്. എന്നാല്‍ ഒരു പരമ്പര മാത്രം നോക്കിയല്ല വിലയിരുത്തേണ്ടത്. ഞാന്‍ അതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മറ്റ് അഭിപ്രായങ്ങള്‍ പറയാന്‍ ഞാന്‍ ഒരുക്കമല്ല. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക എന്ന സ്വപ്നം ഉപേക്ഷിക്കുന്നില്ല. ലക്ഷ്യം വ്യക്തമാണ്. രാജ്യത്തിനായി കളിക്കുക എന്നതിനാണ് പ്രയോറിറ്റി. കരുണ്‍ നായര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍