റിഷഭ് പന്ത് തിരിച്ചെത്തുന്നു, രഞ്ജിയിൽ ഡൽഹിക്കായി കളിക്കും, ലക്ഷ്യം ദക്ഷിണാഫ്രിക്കൻ പരമ്പര

അഭിറാം മനോഹർ

ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (18:53 IST)
പരിക്കില്‍ നിന്നും മുക്തനായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ക്രിസ് വോക്‌സിന്റെ പന്ത് കാലില്‍ കൊണ്ടതിനെ തുടര്‍ന്നാണ് താരത്തിന് പരിക്കേറ്റത്. ആറാഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് താരം രഞ്ജി ക്രിക്കറ്റിലൂടെ തിരിച്ചുവരുന്നത്.
 
 ഈ മാസം 25ന് തുടങ്ങുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിക്കായി കളിക്കാന്‍ തയ്യാറാണെന്ന് താരം ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ഇതിന് മുന്‍പ് ബിസിസിഐയുടെ മെഡിക്കല്‍ ടീം താരത്തിന് കളിക്കാനുള്ള അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രഞ്ജി ട്രോഫിയില്‍ ഫിറ്റ്‌നസ് തെളിയിച്ചാല്‍ നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ താരം ടീമില്‍ തിരിച്ചെത്തും. 
 
റിഷഭ് പന്ത് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പറഞ്ഞിരുന്നു. പന്തിന്റെ അഭാവത്തില്‍ ടീമിലെത്തിയ ധ്രുവ് ജുറല്‍ വെസ്റ്റിന്‍ഡീസിനെതിരെ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. റിഷഭ് പന്തിന്റെ അഭാവത്തില്‍ രവീന്ദ്ര ജഡേജയാണ് നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഉപനായകന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍