ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്‌സ് ബാറ്റ് ചെയ്യാനായി കളത്തിലിറങ്ങിയത് കഴിഞ്ഞയാഴ്ചയിലെ പ്രധാനവാര്‍ത്തയായിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ താരത്തിന് പരിക്ക് മാറാനായി വിശ്രമം ആവശ്യമാണെങ്കിലും ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് താരം.
വരാനിക്കുന്ന ആഷസ് പരമ്പരയ്ക്ക് മുന്നൊടിയായി ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങള്‍ തല്‍ക്കാലം നടത്തേണ്ടതില്ലെന്നാണ് വോക്‌സിന്റെ തീരുമാനം. പരിക്ക് മാറാന്‍ ആവശ്യമായ വിശ്രമമെടുത്ത ശേഷം കളിക്കളത്തില്‍ തിരിച്ചെത്തുമെന്നാണ് വോക്‌സ് വ്യക്തമാക്കുന്നത്. പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നുമാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. എന്നാല്‍ എട്ടാഴ്ചത്തെ വിശ്രമത്തിലൂടെ കളിക്കളത്തില്‍ തിരിച്ചെത്താമെന്നാണ് വോക്‌സ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 21നാണ് ആഷസ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. പരമ്പരയ്ക്ക് തൊട്ടുമുന്‍പ് ശസ്ത്രിക്രിയ അടക്കമുള്ള കാര്യങ്ങള്‍ക്ക് കടക്കേണ്ടതില്ലെന്നാണ് നിലവില്‍ താരത്തിന്റെ തീരുമാനം. ശസ്ത്രിക്രിയ നടത്തിയാല്‍ നാല് മാസം കൂടി കളിക്കളത്തില്‍ നിന്നും താരത്തിന് വിട്ടുനില്‍ക്കേണ്ടതായി വരും.