Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം
വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ വിരമിക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന നിലപാട് മയപ്പെടുത്തി ബിസിസിഐ. നിലവില്‍ 2027ലെ ഏകദിന ലോകകപ്പ് കളിക്കാന്‍ ഒരു താരങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ ഈ താരങ്ങള്‍ ഇല്ലെന്നും വരാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇരുതാരങ്ങളുടെയും അവസാന പരമ്പരയാകുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ നിലപാടില്‍ മയം വരുത്തിയിരിക്കുകയാണ് ബിസിസിഐ.
തീച്ചയായും അവര്‍ക്ക് വിരമിക്കാന്‍ ആലോചനയുണ്ടെങ്കില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിന് മുന്‍പ് ചെയ്തത് പോലെ ബിസിസിഐയെ അറിയിക്കും. ഇപ്പോള്‍ ഇന്ത്യന്‍ ടീം ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ്. ഏഷ്യാകപ്പ് അടുത്ത മാസം നടക്കാനിരിക്കുന്നു. ആ വിഷയങ്ങളില്‍ മാത്രമാണ് ശ്രദ്ധ മുഴുവനും. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
രോഹിത് ശര്‍മ,വിരാട് കോലി എന്നിവരെ ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ഇരുതാരങ്ങളും വിജയ് ഹസാരെ ഉള്‍പ്പടെയുള്ള ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്നാണ് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നത്. അങ്ങനെയല്ലാത്ത പക്ഷം ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇരുതാരങ്ങളുടെയും അവസാന പരമ്പരയാകുമെന്ന സൂചനയാണ് ബിസിസിഐ നല്‍കിയത്.