ഇത് രോഹിത് 3.0, മുപ്പത്തിയെട്ടാം വയസിൽ കരിയറിൽ ആദ്യമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്

അഭിറാം മനോഹർ

ബുധന്‍, 29 ഒക്‌ടോബര്‍ 2025 (13:52 IST)
രാജ്യാന്തര കരിയറില്‍ ആദ്യമായി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ പുറത്താകാതെ സെഞ്ചുറി പ്രകടനവും നേടാന്‍ രോഹിത്തിനായിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പ്രായം കൂടിയ ഇന്ത്യന്‍ താരമാണ് രോഹിത്.
 
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പ് 743 റേറ്റിംഗ് പോയിന്റാണ് രോഹിത്തിനുണ്ടായിരുന്നത്. ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ താരമായി തെരെഞ്ഞെടുക്കപ്പെട്ട രോഹിത് 781 പോയന്റുമായാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ധോനി, വിരാട് കോലി,ശുഭ്മാന്‍ ഗില്‍ എന്നിവരാണ് രോഹിത്തിന് മുന്‍പ് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
 
 പരമ്പരയില്‍ നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍ 2 സ്ഥാനങ്ങള്‍ താഴ്ന്ന് മൂന്നാമതെത്തിയപ്പോള്‍ 764 റേറ്റിംഗ് പോയിന്റുമായി അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാനാണ് രണ്ടാം സ്ഥാനത്തുള്ളത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും ഒരു സ്ഥാനം താഴേക്കിറങ്ങി ആറാം സ്ഥാനത്താണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍