നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

അഭിറാം മനോഹർ

തിങ്കള്‍, 20 ഒക്‌ടോബര്‍ 2025 (13:48 IST)
ഏകദിന നായകനെന്ന നിലയിലെ ആദ്യമത്സരത്തില്‍ ഓസീസിനെതിരെ പരാജയപ്പെട്ടതോടെ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍. 3 ഫോര്‍മാറ്റിലും നായകനെന്ന നിലയിലുള്ള ആദ്യമത്സരത്തില്‍ പരാജയപ്പെട്ട താരമെന്ന റെക്കോര്‍ഡാണ് ഗില്‍ സ്വന്തമാക്കിയത്. 
 
രോഹിത് ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു. 2024 ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ നടന്ന ടി20 മത്സരത്തിലൂടെയാണ് ഗില്‍ ടി20 ടീമിന്റെ നായകനായത്. അന്ന് ദുര്‍ബലരായ സിംബാബ്വെയ്‌ക്കെതിരെ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്നലെ ഓസീസിനെതിരെ തോറ്റതോടെ നായകനെന്ന നിലയില്‍ 3 ഫോര്‍മാറ്റിലും തോറ്റുകൊണ്ട് തുടങ്ങിയെന്ന നാണക്കേട് ഗില്ലിന്റെ പേരിലായി. വിരാട് കോലിയ്ക്ക് ശേഷം ഈ നാണക്കേട് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമായി ശുഭ്മാന്‍ ഗില്‍ മാറി.
 
 ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനായി 2014ല്‍ ഓസീസിനെതിരെയാണ് കോലി അരങ്ങേറ്റം കുറിച്ചത്. ആ മത്സരത്തിലെ 2 ഇന്നിങ്ങ്‌സുകളിലും കോലി സെഞ്ചുറി നേടിയെങ്കിലും 48 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടു. ഏകദിന നായകനായുള്ള ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 161 റണ്‍സിന്റെ പരാജയമാണ് കോലി ഏറ്റുവാങ്ങിയത്. 2017ല്‍ ടി20 നായകനായപ്പോഴും ആദ്യ മത്സരത്തില്‍ കോലി പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരെയായിരുന്നു ഈ തോല്‍വി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍