ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. മഴ പല തവണ കളി മുടക്കിയതോടെ 26 ഓവറാക്കി ചുരുക്കപ്പെട്ട മത്സരത്തില്‍ 29 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഓസീസ് വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ തന്നെ തുടക്കത്തിലെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. 45ന് 4 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അക്ഷര്‍ പട്ടേല്‍- കെ എല്‍ രാഹുല്‍ സഖ്യമാണ് കരകയറ്റിയത്.
മത്സരത്തിന്റെ പലഘട്ടങ്ങളിലും രസം കൊല്ലിയായി മഴയെത്തിയതോടെ കളി 26 ഓവറായി ചുരുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ തകര്‍ച്ച ഏറ്റുവാങ്ങിയിരുന്നതിനാല്‍ വലിയ സ്‌കോറിലേക്ക് എത്തിച്ചേരാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. അവസാന ഓവറുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡി തകര്‍ത്തടിച്ചതോടെ 26 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് ഇന്ത്യ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തിലെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ ജോഷ് ഫിലിപ്പിനൊപ്പം ടീമിനെ സുരക്ഷിത നിലയിലെത്തിക്കാന്‍ നായകനും ഓപ്പണിംഗ് താരവുമായ മിച്ചല്‍ മാര്‍ഷിന് സാധിച്ചു. 52 പന്തില്‍ 46 റണ്‍സോടെ മിച്ചല്‍ മാര്‍ഷ് ഓസീസിന്റെ ടോപ് സ്‌കോറര്‍ ആയപ്പൊള്‍ 37 റണ്‍സുമായി ജോഷ് ഫിലിപ്പും 21 റണ്‍സുമായി മാത്യു റെന്‍ഷായും ഓസീസ് നിരയില്‍ തിളങ്ങി. ഓസീസിനായി ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ ഓവന്‍, മാത്യു കുന്നമന്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.