ഒരു സിഗ്നൽ കിട്ടിയിട്ടുണ്ട്, സഞ്ജു റുതുരാജിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് ചെന്നൈ സൂപ്പർ കിംഗ്സ്, തലയും ചിന്നതലയുമെന്ന് ആരാധകർ
ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി സഞ്ജു സാംസണ്‍ രാജസ്ഥന്‍ വിടുമെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. രഞ്ജി ട്രോഫിയിലെ മഹാരാഷ്ട്ര- കേരള മത്സരത്തിനിടയില്‍ സഞ്ജു സാംസണ്‍- റുതുരാജ് ഗെയ്ക്ക്വാദ് എന്നിവര്‍ സൗഹൃദം പങ്കുവെയ്ക്കുന്ന ചിത്രമാണ് ചെന്നൈ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഞ്ജുവിനെ ചെന്നൈ അടുത്ത സീസണില്‍ ടീമിലെത്തിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരിന്നു.
സഞ്ജുവിനായി ചെന്നൈ, കൊല്‍ക്കത്ത ടീമുകള്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സും താരത്തില്‍ താല്പര്യം കാണിച്ചിരുന്നു.എന്നാല്‍ സഞ്ജു രാജസ്ഥാനില്‍ തുടരില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യഘട്ടത്തില്‍ വന്നിരുന്നത്. ഈ അഭ്യൂഹങ്ങളെ വീണ്ടും ശക്തമാക്കുന്നതാണ് ചെന്നൈയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ്. എന്തായാലും ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. തലയും ചിന്നതലയുമെന്ന് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ ഇടുന്നവര്‍ ഏറെയാണ്.