സംസ്ഥാന സ്‌കൂള്‍ കായികമേള 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 10 ഒക്‌ടോബര്‍ 2025 (20:04 IST)
സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഈ വര്‍ഷത്തെ ഭാഗ്യചിഹ്നം 'തങ്കു' എന്ന മുയലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് തരാം സഞ്ജു സാംസണിനെ സ്‌കൂള്‍ ഒളിമ്പിക്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി മന്ത്രി പ്രഖ്യാപിച്ചു.
 
മുന്‍ വര്‍ഷത്തെ പോലെ തന്നെ 'സംസ്ഥാന സ്‌കൂള്‍ കായിക മേള 2025' ഒളിമ്പിക്സ് മാതൃകയില്‍ തിരുവനന്തപുരത്ത് വച്ച് ഒക്ടോബര്‍ 21 മുതല്‍ 28 വരെ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായി മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരം ശിക്ഷക് സദനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2024-ല്‍ ഒളിമ്പിക്സ് മാതൃകയില്‍ കൊച്ചിയില്‍ മേള സംഘടിപ്പിച്ചിരുന്നു.
 
സ്‌കൂള്‍ കായിക മേളയില്‍ അണ്ടര്‍ 14, 17, 19 കാറ്റഗറികളിലും അതോടൊപ്പം സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം കായിക പ്രതിഭകള്‍ ഒരുമിക്കുമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ദേശീയ സ്‌കൂള്‍ മീറ്റ് ഷെഡ്യൂളിന് അനുസൃതമായി 39 സ്പോര്‍ട്സ്, ഗെയിംസ് മത്സരങ്ങളുടെ ഷെഡ്യൂള്‍ തയ്യാറാക്കുകയും ഗ്രൂപ്പ് 1 & 2 മത്സരങ്ങള്‍ കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗ്രൂപ്പ് 3 & 4 മത്സരങ്ങള്‍ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകും. ഈ മത്സരങ്ങളുടെ നാഷണല്‍ മത്സരങ്ങള്‍ സ്‌കൂള്‍ ഒളിമ്പിക്സിന് മുന്‍പ് നടത്താന്‍ എസ്.ജി.എഫ്.ഐ.തീരുമാനിച്ചത് കൊണ്ടാണ് ഇവ നേരത്തെ നടത്തേണ്ടി വന്നത്.
 
മുന്‍ വര്‍ഷത്തെക്കാള്‍ മികവോടെ സ്‌കൂള്‍ ഒളിമ്പിക്സ് മേള സംഘടിപ്പിക്കുന്നതിനു സര്‍ക്കാര്‍/ സര്‍ക്കാര്‍ ഇതര സംവിധാനങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം നഗരമധ്യത്തിലെ സെന്‍ട്രല്‍ സ്റ്റേഡിയമാണ് നിലവില്‍ പ്രധാന വേദിയായി നിശ്ചയിച്ചിട്ടുള്ളത്. ഈ സ്റ്റേഡിയത്തില്‍ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ ജര്‍മ്മന്‍ ഹാങ്ങര്‍ പന്തല്‍ ഉപയോഗിച്ച് നിര്‍മിച്ച് ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ പോപ്പുലര്‍ ആയിട്ടുള്ള 12 ഓളം കായിക ഇനങ്ങള്‍ ഒരുമിച്ച് സംഘടിപ്പിക്കുന്നു. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഒരുങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍