വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

അഭിറാം മനോഹർ

ബുധന്‍, 1 ഒക്‌ടോബര്‍ 2025 (08:48 IST)
വനിതാ ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 59 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മഴ കാരണം 47 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്കന്‍ ഇന്നിങ്ങ്‌സ് 45.4 ഓവറില്‍ 211 റണ്‍സില്‍ അവസാനിച്ചു. ലങ്കന്‍ നിരയില്‍ ചമരി അത്തപത്തു(43), നീലാക്ഷിക ശിവ(35) എന്നിവര്‍ മാത്രമാണ് അല്പമെങ്കിലും പൊരുതിയത്. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ 3 വിക്കറ്റും സ്‌നേഹ് റാണ്, ശ്രീ ചരണി എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.
 
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, ഹര്‍ലീന്‍ ഡിയോള്‍ എന്നിവരുടെ പ്രകടനങ്ങളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ചയിലൂടെ പോയ ടീമിനെ ദീപ്ത് ശര്‍മ- അമന്‍ജോത് കൗര്‍ സഖ്യമാണ് കരകയറ്റിയത്.8 റണ്‍സിന് തന്നെ മികച്ച ഫോമിലുള്ള ഓപ്പണര്‍ സ്മൃതി മന്ദാനയെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. തുടര്‍ന്ന് പ്രതിക റാവലും ഹര്‍ലീനും ചേര്‍ന്നുണ്ടാക്കിയ 67 റണ്‍സ് കൂട്ടുക്കെട്ട് ടീമിനെ ട്രാക്കിലാക്കി. 37 റണ്‍സെടുത്ത പ്രതിക പുറത്തായതിന് ശേഷം ഹര്‍ലീനാണ് ടീമിനെ കരകയറ്റിയത്. 48 റണ്‍സെടുത്ത ഹര്‍ലീന്‍ മടങ്ങിയതിന് പിന്നാലെ ജമീമ റോഡ്രിഗസും ഹര്‍മന്‍ പ്രീതും റിച്ച ഘോഷും മടങ്ങിയതോടെ ഇന്ത്യ 124 റണ്‍സിന് 6 വിക്കറ്റെന്ന നിലയിലേക്ക് തകര്‍ന്നു.
 
 തിരിച്ചുവരവ് സാധ്യമല്ലെന്ന് കരുതിയ ഘട്ടത്തില്‍ ദീപ്തി ശര്‍മയും അമന്‍ജോതും ചേര്‍ന്നുള്ള ഏഴാം വിക്കറ്റ് സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. ഏഴാം വിക്കറ്റില്‍ 103 റണ്‍സാണ് സഖ്യം നേടിയത്. അമന്‍ജോത് 56 പന്തില്‍ 57 റണ്‍സും ദീപ്തി ശര്‍മ 53 പന്തില്‍ 53 റണ്‍സും നേടി. 15 പന്തില്‍ 28 റണ്‍സെടുത്ത സ്‌നേഹ് റാണയും ടീം സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പങ്കുവഹിച്ചു. ശ്രീലങ്കയ്ക്കായി ഇനോക രണവീര 4 വിക്കറ്റും ഉദേശിക പ്രഭോദനി 2 വിക്കറ്റും നേടി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍