ഓസ്‌ട്രേലിയക്കെതിരായ വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ അലീസ ഹീലിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന ഫിയോബി ലിച്ച് ഫീല്‍ഡ്- എല്ലിസ് പെറി കൂട്ടുക്കെട്ട് 155 റണ്‍സ് സ്വന്തമാക്കിയതിന് ശേഷമാണ് പിരിഞ്ഞത്. ലിച്ച് ഫീല്‍ഡ് 93 പന്തില്‍ 3 സിക്‌സും 17 ഫോറും സഹിതം 119 റണ്‍സാണ് അടിച്ചെടുത്തത്. 88 പന്തില്‍ 77 റണ്‍സാണ് എല്ലിസ് പെറി നേടിയത്. ഈ പ്രകടനങ്ങളുടെ മികവില്‍ 339 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്.
	 
	 മികച്ച തുടക്കം ലഭിച്ച് ഓസീസിനെ മധ്യ ഓവറുകളില്‍ ശ്രീചരണിയിലൂടെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഓസീസിന്റെ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴ്ത്തി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും  അവസാന ഓവറുകളില്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ ആഞ്ഞടിച്ചതോടെ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ ഉയര്‍ന്നു.  45 പന്തില്‍ 63 റണ്‍സ് നേടി ആഷ് ഗാര്‍ഡ്‌നര്‍ മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 48.3 ഓവറില്‍ 331 റണ്‍സിലെത്തിയിരുന്നു. അവസാന ഓവറില്‍ 3 വിക്കറ്റുകള്‍ വീണതോടെ ഓസീസ് ബാറ്റിംഗ് 338 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ, ശ്രീചരണി എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. അമന്‍ജോത് കൗര്‍, രാധായാധവ്, ക്രാന്തി കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.