അടി പതറിയില്ല, മുന്നിൽ നിന്ന് നയിച്ച് ക്യാപ്റ്റൻ, ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ

അഭിറാം മനോഹർ

വ്യാഴം, 30 ഒക്‌ടോബര്‍ 2025 (11:36 IST)
വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഫൈനലില്‍. സെമിഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 125 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിവിട്ടാണ് ദക്ഷിണാഫ്രിക്ക ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിലെ വിജയികളെ അവര്‍ ഫൈനലില്‍ നേരിടും. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ (143 പന്തില്‍ 169) സെഞ്ചുറി പ്രകടനത്തിന്റെ മികവില്‍ 320 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. 45 റണ്‍സുമായി ടസ്മിന്‍ ബ്രിട്‌സും 42 റണ്‍സുമായി മരിസാനെ കാപ്പും വോള്‍വാര്‍ഡിന് മികച്ച പിന്തുണ നല്‍കി.
 
 മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 42.3 ഓവറില്‍ 194 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 5 വിക്കറ്റുകള്‍ സ്വന്തമാക്കിയ മാരിസാനെ കാപ്പാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. നദീന്‍ ഡി ക്ലാര്‍ക്ക് 2 വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ട് നിരയില്‍ 64 റണ്‍സുമായി ക്യാപ്റ്റന്‍ നതാലി സ്‌കിവര്‍ ബ്രന്റ്, 50 റണ്‍സുമായി ആലിസ് ക്യാപ്‌സി എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. മത്സരത്തിലെ ആദ്യ 3 പന്തുകള്‍ക്കിടെ തന്നെ ഇംഗ്ലണ്ടിന് 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന ക്യാപ്‌സി- സ്‌കിവര്‍ ബ്രെന്റ് സഖ്യമാണ് ഇംഗ്ലണ്ടിനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ക്യാപ്‌സിയും സ്‌കിവറും മടങ്ങിയതോടെ ഇംഗ്ലണ്ട് 5 വിക്കറ്റിന് 135 റണ്‍സെന്ന നിലയിലായി. അവസാന ഓവറുകളില്‍ ഡ്യാനിയേല വ്യാട്ട്(34), ലിന്‍സെ സ്മിത്ത് (27) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍