ചാമ്പ്യൻസ് എന്നാൽ ഓസീസ് തന്നെ, ഓൾ റൗണ്ട് മികവുമായി ആഷ്ലി ഗാർഡ്നറും സതർലൻഡും, ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം

അഭിറാം മനോഹർ

വ്യാഴം, 23 ഒക്‌ടോബര്‍ 2025 (11:50 IST)
വനിതാ ഏകദിന ലോകകപ്പില്‍ കരുത്തരായ ഇംഗ്ലണ്ടിനെ അനായാസം മലര്‍ത്തിയടിച്ച് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ അലീസ ഹീലി ഇല്ലാതെയിറങ്ങിയിട്ടും ഓസ്‌ട്രേലിയക്ക് മുന്നില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇംഗ്ലണ്ടിനായില്ല. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത 50 ഓവറില്‍ ഇംഗ്ലണ്ട് 244 റണ്‍സടിച്ചപ്പോള്‍ 40.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ വിജയത്തിലെത്തിയത്.
 
 ഇംഗ്ലണ്ടിന്റെ 244 റണ്‍സെന്ന സ്‌കോര്‍ പിന്തുടര്‍ന്ന ഓസീസിന് 16 ഓവര്‍ പിന്നിടുമ്പോള്‍ 4 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 68-4 എന്ന നിലയില്‍ ഒത്തുചേര്‍ന്ന ആഷ്‌ലി ഗാര്‍ഡ്‌നര്‍- അന്നബെല്‍ സതര്‍ലന്‍ഡ് സഖ്യമാണ് ഓസീസിനെ വിജയത്തിലേക്കെത്തിച്ചത്. ആഷ്‌ലി ഗാര്‍ഡ്‌നര്‍ 73 പന്തില്‍ 104 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അന്നബെല്‍ സതര്‍ലന്‍ഡ് 112 പന്തില്‍ 98 റണ്‍സാണ് നേടിയത്. ഫിയോബെ ലിച്ച്ഫീല്‍ഡ്(1),ജോര്‍ജിയ വോള്‍(6), എല്ലിസ് പെറി(13), ബെത് മൂണി(20) എന്നിവരെ ചെറിയ സ്‌കോറിന് നഷ്ടമായതിന് ശേഷമായിരുന്നു ഓസ്‌ട്രേലിയയുടെ തിരിച്ചുവരവ്.
 
 നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ടാമി ബ്യൂമോണിന്റെ അര്‍ധസെഞ്ചുറിയുടെയും(78), ആലിസ് ക്യാപ്‌സി(38), ചാര്‍ലീ ഡീന്‍(26) എന്നിവരുടെ ബാറ്റിങ്ങിന്റെയും കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഓസ്‌ട്രേലിയക്കായി അന്നബെല്‍ സതര്‍ലന്‍ഡ് 3 വിക്കറ്റെടുത്തപ്പോള്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍, സോഫിയ മോളിനോക്‌സ് എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍