Rohit Sharma: ഗാംഗുലിയെ മറികടന്ന് രോഹിത്; നിര്‍ണായക സമയത്ത് അര്‍ധ സെഞ്ചുറി

രേണുക വേണു

വ്യാഴം, 23 ഒക്‌ടോബര്‍ 2025 (12:25 IST)
Rohit Sharma

Rohit Sharma: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്കു അര്‍ധ സെഞ്ചുറി. ഇന്ത്യ 17-2 എന്ന നിലയില്‍ തകര്‍ച്ച മുന്നില്‍കണ്ടെങ്കിലും ശ്രേയസ് അയ്യര്‍ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത സ്ഥാനത്തേക്ക് അടുപ്പിക്കുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. 
 
97 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 73 റണ്‍സാണ് രോഹിത് നേടിയത്. ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാമനാണ് രോഹിത് ഇപ്പോള്‍. സൗരവ് ഗാംഗുലിയെ മറികടന്നാണ് രോഹിത്തിന്റെ നേട്ടം. 308 മത്സരങ്ങളില്‍ നിന്ന് 11,221 റണ്‍സ് നേടിയ ഗാംഗുലിയെ അഡ്‌ലെയ്ഡ് ഏകദിനത്തില്‍ രോഹിത് മറികടന്നു. 275 ഏകദിന മത്സരങ്ങളില്‍ നിന്നാണ് രോഹിത് ഗാംഗുലിയെ മറികടന്നത്. അഡ്‌ലെയ്ഡ് ഏകദിനത്തിനു മുന്‍പ് ഗാംഗുലിയെ മറികടക്കാന്‍ രോഹിത്തിനു വേണ്ടിയിരുന്നത് 46 റണ്‍സായിരുന്നു. 
 
ഏകദിനത്തില്‍ 18,426 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. 463 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്റെ നേട്ടം. 303 മത്സരങ്ങളില്‍ നിന്ന് 14,181 റണ്‍സുമായി വിരാട് കോലി രണ്ടാമത്. 
 
ഓപ്പണറായി ഇറങ്ങി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ സൗരവ് ഗാംഗുലിയെയും ആദം ഗില്‍ക്രിസ്റ്റിനെയും രോഹിത് ഇന്ന് മറികടന്നു. സൗരവ് ഗാംഗുലി (9146), ആദം ഗില്‍ക്രിസ്റ്റ് (9200) എന്നിങ്ങനെയാണ് ഓപ്പണറായി ഇറങ്ങി ഏകദിന ഫോര്‍മാറ്റില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. രോഹിത് ശര്‍മ 9219 റണ്‍സായി. ക്രിസ് ഗെയ്ല്‍, സനത് ജയസൂര്യ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍