പുറത്ത് പല കഥകളും പ്രചരിക്കുന്നുണ്ടാകാം, രോഹിത്തുമായുള്ള ബന്ധത്തിൽ ഒരു മാറ്റമില്ലെന്ന് ഗിൽ

അഭിറാം മനോഹർ

ഞായര്‍, 19 ഒക്‌ടോബര്‍ 2025 (08:49 IST)
ഇന്ത്യന്‍ സീനിയര്‍ താരമായ രോഹിത് ശര്‍മയുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ നായകനായ ശുഭ്മാന്‍ ഗില്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നായകനായി നിയമിക്കപ്പെട്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗില്‍. രോഹിത് ശര്‍മയില്‍ നിന്നും വിരാട് കോലിയും നിന്നും ആവശ്യമുള്ളപ്പോഴെല്ലാം താന്‍ നിര്‍ദേശങ്ങള്‍ തേടാറുണ്ടെന്നും ഗില്‍ വ്യക്തമാക്കി.
 
പുറത്ത് പല കഥകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ രോഹിത്തുമായുള്ള ബന്ധത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എനിക്ക് എന്തെങ്കിലും ചോദിക്കണമെന്ന് തോന്നുമ്പോഴെല്ലാം അദ്ദേഹത്തോട് ചോദിക്കാം. കോലിയുമായും രോഹിത്തുമായും നല്ല ബന്ധമാണുള്ളത്. അവര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും മടി കാണിക്കാറില്ല. ഗില്‍ പറഞ്ഞു.
 
ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെ പറ്റി അവരോട് ഒട്ടേറെ തവണ സംസാരിച്ചിട്ടുണ്ട്. ധോനി,കോലി,രോഹിത് എന്നിവരെല്ലാം സൃഷ്ടിച്ച പാരമ്പര്യം കാരണം എനിക്ക് വലിയൊരു ഉത്തരവാദിത്തമാണ് ഏറ്റെടുക്കാനുള്ളത്. കോലിയും രോഹിത്തും ടീമിലേക്ക് കൊണ്ടുവരുന്ന അനുഭവസമ്പത്തും കഴിവും വളരെ പ്രധാനമാണ്. കളത്തിലെ ഇത്തരം ഇതിഹാസങ്ങളെ നയിക്കാനാവുക എന്നത് വലിയ ബഹുമതിയാണ്. ഞാന്‍ ഒരു പ്രയാസകരമായ ഘട്ടത്തിലാണെങ്കില്‍ അവരില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ മടിക്കില്ല. ഗില്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍