പാക്കിസ്ഥാനില്‍ ത്രിരാഷ്ട്ര പരമ്പര കളിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്മാറി. നവംബര്‍ 17 മുതല്‍ പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ക്കൊപ്പം ത്രിരാഷ്ട്ര ട്വന്റി 20 പരമ്പര കളിക്കാനാണ് അഫ്ഗാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറി.
പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന പരമ്പരയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് കളിക്കാത്തതെന്നാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം. പാക്കിസ്ഥാന്‍ വ്യോമാക്രമണത്തില്‍ ഉര്‍ഗുന്‍ ജില്ലയില്‍ മൂന്ന് ക്രിക്കറ്റ് കളിക്കാരും അഞ്ച് നാട്ടുകാരും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ മാസമാണ് ത്രിരാഷ്ട്ര പരമ്പര പ്രഖ്യാപിച്ചത്. ഉര്‍ഗുന്‍ ജില്ലയില്‍ നിന്നുള്ള കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നീ കളിക്കാരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.