ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഓസീസ് ടീമിന് വീണ്ടും തിരിച്ചടി. സൈഡ് മസിലിലെ വേദനയെ തുടര്‍ന്ന് സൂപ്പര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ പരമ്പരയില്‍ നിന്നും പുറത്താക്കുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു. താരത്തിന് പകരക്കാരനായി മാര്‍നസ് ലബുഷെയ്‌നെ ടീമില്‍ തിരിച്ചുവിളിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രീനിന് വീണ്ടും പരിക്കേറ്റത്.
പൂര്‍ണ്ണമായ ബൗളിംഗ് ഫിറ്റ്‌നസ് കൂടി വീണ്ടെടുത്ത് സജീവമാകാനുള്ള ശ്രമത്തിലായിരുന്നു ഗ്രീന്‍. എന്നാല്‍ പരിശീലനത്തിനിടെ വേദന അനുഭവപ്പെട്ടതോടെ താരത്തിന് മെഡിക്കല്‍ സ്റ്റാഫ് വിശ്രമവും ചികിത്സയും നിര്‍ദേശിക്കുകയായിരുന്നു. ഒക്ടോബര്‍ 28ന് ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ ഗ്രീന്‍ കളിച്ചേക്കും. എന്നാല്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ ആഷസ് പരമ്പരയെ കൂടി ബാധിക്കുന്നതാണ് ഗ്രീനിന്റെ പരിക്ക്. ഓള്‍റൗണ്ടര്‍ ബ്യൂ വെബ്സ്റ്ററിന് കൂടി പരിക്കേറ്റതോടെ പ്രതിസന്ധിയിലാണ് ഓസീസ്.