ഇന്ത്യയ്ക്ക് ഒരു വീക്ക്നെസുണ്ട്, അവർക്ക് കൈ കൊടുക്കാൻ അറിയില്ല, പരിഹസിച്ച് ഓസീസ് വനിതാ, പുരുഷ താരങ്ങൾ
ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കാറുള്ളത്. ഒക്ടോബര്‍ 19ന് ആരംഭിക്കുന്ന ഓസീസ് പരമ്പരയില്‍ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കാനിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം വിരാട് കോലി- രോഹിത് ശര്‍മ എന്നിവര്‍ തിരിച്ചെത്തും എന്നതിനാല്‍ വലിയ ആവേശത്തോടെയാണ് മത്സരത്തെ ഇന്ത്യന്‍ ആരാധകര്‍ നോക്കികാണുന്നത്. എന്നാല്‍ പരമ്പര തുടങ്ങും മുന്‍പ് ഇന്ത്യയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചില ഓസീസ് താരങ്ങള്‍. കായോ സ്‌പോര്‍ട്‌സ് പുറത്തുവിട്ട പ്രമോഷണല്‍ വീഡിയോയിലാണ് ഏഷ്യാകപ്പിലെ വിവാദമായ ഹസ്തദാന വിവാദത്തെ പരിഹസിച്ച് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ രംഗത്ത് വന്നത്.
വീഡിയോയില്‍ കായോ സ്‌പോര്‍ട്‌സ് അവതാരകന്‍ ഇന്ത്യ അത്ഭുതകരമായ ടീമാണെന്നും അവര്‍ക്ക് പക്ഷേ ഒരു ബലഹീനതയുണ്ടെന്നും പറയുന്നു. കൈകള്‍ നല്‍കാന്‍ അവര്‍ക്ക് ഇഷ്ടമല്ലെന്നതാണ് ബലഹീനതയായി അവതാരകന്‍ പറയുന്നത്. ഇതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ സോഫി മോലിന്യൂക്സ് പരിഹാസരീതിയില്‍ ആദ്യം കൈ ഉയര്‍ത്തി, പിന്നാലെ രണ്ട് വിരലുകള്‍ കാട്ടുന്നതായി വീഡിയോയില്‍ കാണാം. പേസര്‍ ജോഷ് ഹേസല്‍വുഡ് അടക്കമുള്ളവര്‍ വീഡിയോയില്‍ ഇത് കേട്ട് ചിരിക്കുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്ത് മിച്ചല്‍ മാര്‍ഷ്, ഗ്രേസ് ഹാരിസ് എന്നിവരും എത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ആരാധകരെ പരസ്യം ഇതിനകം തന്നെ ചൊടുപ്പിച്ച് കഴിഞ്ഞു. സംഭവം വിവാദമായതോടെ കയോ സ്‌പോര്‍ട്‌സ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്നും പിന്‍വലിച്ചു. ഏഷ്യാകപ്പില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാക് താരങ്ങളുമായി ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചത്. ഏഷ്യാകപ്പ് സ്വന്തമാക്കിയ ശേഷം പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്നും ഇന്ത്യന്‍ ടീം ട്രോഫി വാങ്ങിയിരുന്നില്ല.