ഏഷ്യാകപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരായ മത്സരം പാകിസ്ഥാന്‍ ബഹിഷ്‌കരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുമായുള്ള മത്സരത്തിന്റെ അവസാനം ഇന്ത്യന്‍ ടീം അംഗങ്ങള്‍ പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെ മടങ്ങിയത് വലിയ വിവാദമായിരുന്നു. മത്സരത്തിന്റെ മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യന്‍ നായകനായ സൂര്യകുമാറുമായി ഹസ്തദാനം നടത്തരുതെന്ന് പാക് ക്യാപ്റ്റനായ സല്‍മാന്‍ അലി ആഘയോട് ആവശ്യപ്പെട്ടെന്നും മത്സരത്തില്‍ മാച്ച് റഫറി പക്ഷപാതം കാണിച്ചെന്നും പാകിസ്ഥാന്‍ ആരോപിച്ചിരുന്നു.
ഏഷ്യാകപ്പില്‍ ഇന്ന് പാകിസ്ഥാനും യുഎഇയും തമ്മിലുള്ള മത്സരം രാത്രി 8 മണിക്ക് നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍. സംഭവത്തില്‍ വിശദീകരണവുമായി പിസിബി പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്വി ഉടന്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്നാണ് സൂചന. നേരത്തെ മത്സരത്തിന് മുന്നോടിയായി നടക്കാനിരുന്ന വാര്‍ത്താസമ്മേളനം പാകിസ്ഥാന്‍ റദ്ദാക്കിയിരുന്നു.