ഫിനിഷര്‍ റോളിലേക്ക് ഇന്ത്യ കണ്ടെത്തിയ ശിവം ദുബെ, ബൗളിങ് ഓള്‍റൗണ്ടറായ അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ബാറ്റിങ്ങിനു ഇറങ്ങിയിട്ടും സഞ്ജുവിനു കളി കണ്ടിരിക്കേണ്ടി വന്നു. വണ്‍ഡൗണ്‍ ആയാണ് ശിവം ദുബെ ക്രീസിലെത്തിയത്. സ്പിന്നിനെ ആക്രമിച്ചു കളിക്കുമല്ലോ എന്ന് കരുതിയാണ് ദുബെയെ മൂന്നാമത് ഇറക്കിയതെന്നാണ് നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ന്യായീകരണം. ഒടുക്കം മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് ബംഗ്ലാദേശ് സ്പിന്നര്‍ റിഷാദ് ഹൊസൈനു വിക്കറ്റ് സമ്മാനിച്ച് ദുബെ മടങ്ങി.
ടി 20 ഫോര്‍മാറ്റില്‍ 29 ഇന്നിങ്സുകളില്‍ നിന്ന് 28.84 ശരാശരിയില്‍ 548 റണ്‍സാണ് ദുബെ ഇന്ത്യക്കായി നേടിയിരിക്കുന്നത്. സ്ട്രൈക് റേറ്റ് 138.04 ആണ്. അതേസമയം സഞ്ജു 148.33 സ്ട്രൈക് റേറ്റില്‍ ഇന്ത്യക്കായി 40 ഇന്നിങ്സുകളില്‍ നിന്ന് 930 റണ്‍സ് എടുത്തിട്ടുണ്ട്. സഞ്ജുവിന്റെ മികച്ച ഇന്നിങ്‌സുകളെല്ലാം പിറന്നിരിക്കുന്നത് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്തപ്പോഴാണ്. എന്നിട്ടും വണ്‍ഡൗണ്‍ ആയി സഞ്ജുവിനെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയതാണോ സഞ്ജു ചെയ്ത കുറ്റമെന്ന് ചോദിക്കാന്‍ തോന്നിപ്പോകും.
അഞ്ചാമതായി ഹാര്‍ദിക് പാണ്ഡ്യയും ആറാമനായി അക്‌സര്‍ പട്ടേലും ക്രീസിലെത്തി. ഇരുവര്‍ക്കും സഞ്ജുവിനേക്കാള്‍ സ്‌ട്രൈക് റേറ്റ് കുറവാണെന്നത് ഓര്‍ക്കണം. അക്‌സര്‍ പട്ടേലിന്റെ ടി20 ബാറ്റിങ് ശരാശരി 19.03 ആണ്, സ്‌ട്രൈക് റേറ്റ് 138.60. സഞ്ജുവുമായി താരതമ്യം ചെയ്യാന്‍ പോലും സാധിക്കാത്ത ഫിഗറുകള്‍. എന്നിട്ടും അക്‌സര്‍ ബാറ്റ് ചെയ്യുമ്പോള്‍ അവസരം കിട്ടാത്ത സഞ്ജു ചിരിച്ചുകൊണ്ട് അതെല്ലാം കണ്ടിരുന്നു.
ഇത്രയും അവഗണനകള്‍ക്കിടയിലും പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് സഞ്ജു ടീമിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നത്. ഇന്ത്യയുടെ ഇന്നിങ്‌സിനു ശേഷമുള്ള ഇടവേളയില്‍ അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ സഞ്ജുവിനു ടോപ് ഓര്‍ഡറില്‍ അവസരം ലഭിക്കാത്തതിനെ കുറിച്ച് ചോദിച്ചു. അപ്പോള്‍ ടീം മാനേജ്‌മെന്റിനെ കുറ്റപ്പെടുത്താതെ വളരെ വൈകാരികമായാണ് സഞ്ജു മറുപടി നല്‍കിയത്. അത് ഇങ്ങനെയാണ്, 'ചിലപ്പോള്‍ എനിക്ക് വില്ലനാകേണ്ടി വരും, അല്ലെങ്കില്‍ ജോക്കറുടെ റോള്‍. ഏത് സാഹചര്യത്തിലും ഞാന്‍ കളിക്കണം. ഓപ്പണറായി സെഞ്ചുറി നേടിയതുകൊണ്ട് ആദ്യ മൂന്നില്‍ തന്നെ സ്ഥാനം വേണമെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ ഇതിലും പരിശ്രമിക്കട്ടെ. എന്തുകൊണ്ട് എനിക്ക് മികച്ചൊരു വില്ലന്‍ ആയിക്കൂടാ?,' സഞ്ജു പറഞ്ഞു. ഈ വാക്കുകള്‍ കേട്ടാല്‍ സഞ്ജുവിന്റെ ആരാധകര്‍ അല്ലാത്തവര്‍ പോലും പറഞ്ഞുപോകും, 'ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ആയിരിക്കുക എത്രയോ ദുഷ്‌കരം!'