എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അഭിറാം മനോഹർ

തിങ്കള്‍, 20 ഒക്‌ടോബര്‍ 2025 (12:44 IST)
വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയും പരാജയപ്പെട്ടതോടെ ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ കാണാവാതെ പുറത്താകുമെന്ന ഘട്ടത്തിലാണ് ഇന്ത്യന്‍ വനിതാ ടീം. ഞായറാഴ്ച നിര്‍ണായകമായ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 4 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 57 പന്തില്‍ വിജയിക്കാന്‍ 57 റണ്‍സ് മതിയെന്ന ഘട്ടത്തില്‍ നിന്നായിരുന്നു ഇന്ത്യയുടെ പരാജയം. ഇപ്പോഴിതാ മത്സരത്തിലെ ടീമിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണിംഗ് താരമായ സ്മൃതി മന്ദാന.
 
 മത്സരത്തില്‍ 94 പന്തില്‍ 88 റണ്‍സാണ് സ്മൃതി മന്ദാന നേടിയത്. മത്സരത്തിലെ 42മത് ഓവറില്‍ സ്മൃതി മന്ദാന പുറത്താകുമ്പോള്‍ ഇന്ത്യയ്ക്ക് വിജയസാധ്യതയുണ്ടായിരുന്നു. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സ്മൃതി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഷോട്ട് സെലക്ഷന്റെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കണമായിരുന്നു. ടീമിന്റെ തകര്‍ച്ച എന്റെ വിക്കറ്റ് നഷ്ടമായതിന് ശേഷമാണ് നടന്നത്. എന്റെ ഷോട്ട് സെലക്ഷന്‍ മികച്ചതാകണമായിരുന്നു. ആ ഘട്ടത്തില്‍ ഒരോവറില്‍ 6 റണ്‍സ് വെച്ച് നേടിയാല്‍ വിജയിക്കാമായിരുന്നു. ടീമിനെ വിജയത്തിലെത്തിക്കുന്നത് വരെ ഞാന്‍ ക്രീസില്‍ വേണമായിരുന്നു. സ്മൃതി മന്ദാന പറഞ്ഞു.
 
മത്സരത്തില്‍ ഇംഗ്ലണ്ട് ബൗളര്‍ ലിന്‍സെ സ്മിത്തിന കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ ക്യാച്ച് നല്‍കിയാണ് സ്മൃതി മടങ്ങിയത്. അവളെ കടന്നാക്രമിക്കാം എന്ന് കരുതിയതാണ്. എന്നാല്‍ ടൈമിംഗ് ശരിയായില്ല. ചിലപ്പോള്‍ ആ സമയത്ത് ആ ഷോട്ടിന്റെ ആവശ്യം ഉണ്ടായിരുന്നിരിക്കില്ല. കുറച്ച് കൂടി ക്ഷമ കാണിച്ച് മത്സരത്തില്‍ കൂടുതല്‍ സമയം നില്‍ക്കണമായിരുന്നു. ആ സമയത്ത് പക്ഷേ വികാരത്തിന് അടിമപ്പെട്ടു. ക്രിക്കറ്റില്‍ അത് ഒരിക്കലും സഹായിക്കില്ല. ടീമിനെ വിജയിപ്പിക്കാം എന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഇത് ക്രിക്കറ്റാണ്. കുറച്ച് ക്ഷമ കാണിക്കാമായിരുന്നു എന്ന് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത് സ്മൃതി മന്ദാന പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍