Smriti Mandhana Century: റെക്കോർഡ് സെഞ്ചുറി നേട്ടവുമായി കളം നിറഞ്ഞ് സ്മൃതി മന്ദാന, ത്രിരാഷ്ട്ര ഫൈനലിൽ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

അഭിറാം മനോഹർ

ഞായര്‍, 11 മെയ് 2025 (15:05 IST)
Smriti Mandhana Century
ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇന്ത്യ  ഓപ്പണര്‍ സ്മൃതി മന്ദാനയുടെ സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സാണ് അടിച്ചത്. 101 പന്തില്‍ 106 റണ്‍സുമായി കളം നിറഞ്ഞ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍ലീന്‍ ഡിയോള്‍(47), ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍(41), പ്രതിക റാവല്‍(30) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി മാല്‍ക്കി മദാരയും ഡെവ്മി വിഹാങ്കയും സുഗന്ധിക കുമാരിയും 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി.
 
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാനയും പ്രതിക റാവലും ചേര്‍ന്ന ഓപ്പണിംഗ് ജോഡി മികച്ച തുടക്കമാണ് നല്‍കിയത്. 70 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്ത ശേഷമാണ് ഈ ജോഡി പിരിഞ്ഞത്. രണ്ടാം വിക്കറ്റില്‍ ഹര്‍ലിന്‍ ഡിയോളിനൊപ്പം 120 റണ്‍സ് കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയ മന്ദാന ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. അവസാന പത്തോവറില്‍ 30 പന്തില്‍ 41 റണ്‍സുമായി ഹര്‍മന്‍ പ്രീതും 29 പന്തില്‍ 44 റണ്‍സുമായി ജെമീമ റോഡ്രിഗസും ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. 
 
 സ്മൃതി മന്ദാനയുടെ കരിയറിലെ പതിനൊന്നാം ഏകദിന സെഞ്ചുറിയാണിത്. 15 ഫോറും 2 സിക്‌സുകളുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്‌സ്.  ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ സ്മൃതി മന്ദാന. ഇന്നത്തെ സെഞ്ചുറിയോടെ രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ചുറികളുള്ള താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താന്‍ താരത്തിനായി. 15 സെഞ്ചുറികളുമായി മെഗ് ലാനിങ്ങും 13 സെഞ്ചുറികളുമായി സൂസി ബേറ്റ്‌സുമാണ് സ്മൃതിയുടെ മുന്നിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍