India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ മോശം പ്രകടനത്തെയും ശുഭ്മാന്‍ ഗില്ലിന്റെ മോശം ക്യാപ്റ്റന്‍സിയേയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. രണ്ടാം ദിനം ഒന്നാം ഇന്നിങ്ങ്‌സില്‍ ഇന്ത്യ 358 റണ്‍സിന് ഓളൗട്ടായപ്പോള്‍ ഇന്ത്യക്കെതിരെ 225 റണ്‍സിന് 2 വിക്കറ്റെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. 8 വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ 133 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് ആവശ്യമായിട്ടുണ്ടായിരുന്നത്.
ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ മൂടിക്കെട്ടിയ അന്തരീക്ഷം മാറി വെയിലുദിച്ചത് ഇംഗ്ലണ്ടിന് ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യമൊരുക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഒരാഴ്ച മുന്‍പ് പോലും ഉണ്ടാവാതിരുന്ന അന്‍ഷുല്‍ കാംബോജിന് ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം ന്യൂ ബോള്‍ നല്‍കിയതുള്‍പ്പടെ മോശം തീരുമാനങ്ങളാണ് ഗില്ലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് നാസര്‍ ഹുസൈന്‍ പറയുന്നു. പരിചയസമ്പന്നനായ മുഹമ്മദ് സിറാജ് ടീമിലുള്ളപ്പോഴാണ് കാംബോജിന് ഗില്‍ ന്യൂബോള്‍ നല്‍കിയത്. പിച്ചിന്റെ ഒരറ്റത്തുള്ള പച്ചപ്പ് മുതലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ലെന്നും നാസര്‍ ഹുസൈന്‍ പറയുന്നു.
പിച്ചിന്റെ അറ്റത്തുള്ള പച്ചപ്പ് മുതലാക്കാനായി ബൗളിംഗ് എന്‍ഡ് സമ്മര്‍ഥമായി തിരെഞ്ഞെടുത്താണ് ബെന്‍ സ്റ്റോക്‌സ് അഞ്ച് വിക്കറ്റെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ പാഡ് ലക്ഷ്യമാക്കി മാത്രമാണ് പന്തെറിഞ്ഞത്. റിഷഭ് പന്ത് ഒറ്റക്കാലില്‍ നിന്ന് നേടിയ വിലയേറിയ റണ്‍സാണ് ബൗളര്‍മാര്‍ ഇങ്ങനെ പാഴാക്കി കളഞ്ഞത്. നാസര്‍ ഹുസൈന്‍ പറഞ്ഞു.