Joe Root: തലയറുത്തു, വേരറുക്കാനാവാതെ ഇന്ത്യ, ജോ റൂട്ടിന് മുപ്പത്തിയെട്ടാം ടെസ്റ്റ് സെഞ്ചുറി

അഭിറാം മനോഹർ

വെള്ളി, 25 ജൂലൈ 2025 (19:32 IST)
ഇന്ത്യക്കെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 358 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യന്‍ ബാറ്റിങ്ങ് നിരയില്‍ യശ്വസി ജയ്‌സ്വാള്‍, റിഷഭ് പന്ത്, സായ് സുദര്‍ശന്‍ എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പരിക്കേറ്റതോടെ ഷാര്‍ദൂല്‍ താക്കൂര്‍- വാഷിങ്ടണ്‍ സുന്ദര്‍ കൂട്ടുക്കെട്ടാണ് വന്‍ തകര്‍ച്ചയില്‍ പോകാതെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 
 
 എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ശക്തമായ തുടക്കമാണ് ലഭിച്ചത്.ആദ്യ വിക്കറ്റില്‍ 166 റണ്‍സ് സ്വന്തമാക്കിയതിന് ശേഷമാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. സ്‌കോര്‍ 197ല്‍ നില്‍ക്കെ രണ്ടാമത്തെ വിക്കറ്റും നഷ്ടമായി. സാക് ക്രോളി 84 റണ്‍സും ബെന്‍ ഡെക്കറ്റ് 94 റണ്‍സുമാണ് ഇംഗ്ലണ്ടിനായി നേടിയത്. മൂന്നാം സ്ഥാനത്തിറങ്ങിയ ഒലി പോപ്പും (71) ഹാരി ബ്രൂക്കും തുടര്‍ച്ചയായി മടങ്ങിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന് തോന്നിച്ചെങ്കിലും ഒരറ്റത്ത് ഉറച്ച് നിന്ന ജോ റൂട്ടിനെ പുറത്താക്കാന്‍ ഇന്ത്യയ്ക്കായില്ല. ടെസ്റ്റ് കരിയറിലെ 38മത്തെ സെഞ്ചുറിയാണ് റൂട്ട് സ്വന്തമാക്കിയത്.
 
സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചുറിയുള്ള താരങ്ങളുടെ പട്ടികയില്‍ ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാരയ്‌ക്കൊപ്പം നാലാം സ്ഥാനത്തെത്താന്‍ ജോ റൂട്ടിന് സാധിച്ചു. 41 സെഞ്ചുറികളുമായി റിക്കി പോണ്ടിംഗും 45 സെഞ്ചുറിയുമായി ജാക് കാലിസും 51 സെഞ്ചുറിയുമായി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് റൂട്ടിന് മുന്നിലുള്ളത്. അതേസമയം മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും ജോ റൂട്ടിന് സാധിച്ചു. 13,378 റണ്‍സുള്ള ഓസീസ് ഇതിഹാസ താരം റിക്കി പോണ്ടിംഗും 15,921 റണ്‍സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് പട്ടികയില്‍ റൂട്ടിന് മുന്‍പിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍