ICC Test Rankings: ഒന്നാം സ്ഥാനം തിരികെപിടിച്ച് റൂട്ട്, ഐസിസി റാങ്കിങ്ങിൽ ഗില്ലിനും ജയ്സ്വാളിനും തിരിച്ചടി

അഭിറാം മനോഹർ

വ്യാഴം, 17 ജൂലൈ 2025 (11:40 IST)
ഇന്ത്യക്കെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിലെ സെഞ്ചുറിപ്രകടനത്തിന്റെ മികവില്‍ ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം വീണ്ടെടുത്ത് ഇംഗ്ലണ്ട് താരം ജോ റൂട്ട്. സഹതാരമായ ഹാരി ബ്രൂക്കിനെ മറികടന്നാണ് റൂട്ടിന്റെ നേട്ടം. ലോര്‍ഡ്‌സ് ടെസ്റ്റിന് മുന്‍പായി റാങ്കിങ്ങില്‍ ഒന്നാമതായിരുന്ന ബ്രൂക്ക്‌സ് നിലവില്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഒരു സ്ഥാനം നഷ്ടപ്പെട്ട യശ്വസി ജയ്‌സ്വാള്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
 
ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് ലിസ്റ്റില്‍ നാലാം സ്ഥാനത്തുള്ളത്.ഒരു സ്ഥാനം മെച്ചപ്പെടുത്തി ദക്ഷിണാഫ്രിക്കയുടെ തെംബ ബവുമ പട്ടികയില്‍ ആറാം സ്ഥാനത്തെത്തിയപ്പോള്‍ ശ്രീലങ്കയുടെ കാമിന്ദു മെന്‍ഡിസ് 2 സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്താണ്. വെസ്റ്റിന്‍ഡീസിനെതിരെ 2 ടെസ്റ്റുകളിലും ഭേദപ്പെട്ട പ്രകടനം നടത്തിയ ഓസ്‌ട്രേലീയുടെ കാമറൂണ്‍ ഗ്രീന്‍ പതിനാറ് സ്ഥാനം ഉയര്‍ന്ന് മുപ്പതാം സ്ഥാനത്താണ്.
 
ലോര്‍ഡ്‌സ് ടെസ്റ്റില്‍ നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്ലിന് 3 സ്ഥാനം നഷ്ടമായി നിലവില്‍ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. ഒരു സ്ഥാനം താഴേക്കിറങ്ങിയ റിഷഭ് പന്ത് എട്ടാം സ്ഥാനത്താണ്. ബൗളര്‍മാരില്‍ ജസ്പ്രീത് ബുമ്രയാണ് ഒന്നാം സ്ഥാനത്തുള്ളത്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയും പാറ്റ് കമ്മിന്‍സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍