പണ്ട് ജഡേജയുടെ ടീമിലെ സ്ഥാനവും പലരും ചോദ്യം ചെയ്തിരുന്നു, ഹർഷിത് കഴിവുള്ള താരം പക്ഷേ..പ്രതികരണവുമായി അശ്വിൻ

അഭിറാം മനോഹർ

വ്യാഴം, 9 ഒക്‌ടോബര്‍ 2025 (18:50 IST)
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന,ടി20 ടീമുകളില്‍ ഇടം പിടിച്ചതോടെ വലിയ ചര്‍ച്ചയാണ് ഹര്‍ഷിത് റാണയുടെ ടീമിലെ സ്ഥാനത്തെ സംബന്ധിച്ച് ഉയരുന്നത്. ഐപിഎല്‍ 2024ല്‍ കൊല്‍ക്കത്തയ്ക്കായി നടത്തിയ പ്രകടനത്തിലാണ് ഹര്‍ഷിത് ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതെന്നും ദേശീയ ടീമില്‍ ഇതുവരെയും കാര്യമായ പ്രകടനങ്ങള്‍ നടത്താനായിട്ടില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. ഐപിഎല്ലിലെ പ്രകടനവും പരിചയവുമാകരുത് ഇന്ത്യന്‍ ടീമില്‍ തെരെഞ്ഞെടുക്കപ്പെടാനുള്ള കാരണമെന്നും ഇവര്‍ വാദിക്കുന്നു.
 
 ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ആര്‍ അശ്വിന്‍. ഹര്‍ഷിത് കഴിവുള്ള താരമാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ എന്തുകൊണ്ടാണ് ഹര്‍ഷിതിനെ തിരെഞ്ഞെടുക്കുന്നത് എന്നതില്‍ തനിക്ക് വ്യക്തതയില്ലെന്ന് അശ്വിന്‍ പറയുന്നു. ഓസീസ് പിച്ചുകളില്‍ പേസ് ബൗളറെ ആവശ്യമുണ്ടെങ്കിലും എട്ടാം സ്ഥാനത്ത് ബാറ്റ് ചെയ്യാനുള്ള ഹര്‍ഷിതിന്റെ കഴിവിനെയാണ് ടീം നോക്കുന്നത് എന്നാണ് തോന്നുന്നത് അശ്വിന്‍ പറഞ്ഞു. അവനില്‍ പ്രതിഭയുണ്ട്. അത് നിഷേധിക്കാനാവില്ല. മുന്‍പ് രവീന്ദ്ര ജഡേജയെ ടീമിലെടുക്കുന്നതിനെയും ഇത് പോലെ ആളുകള്‍ ചോദ്യം ചെയ്തിരുന്നു. ഇന്ന് ജഡേജ ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടറാണ്. അശ്വിന്‍ പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍