ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരെയും പരിഗണിക്കാതിരുന്ന സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ അശ്വിന്‍. ജയ്‌സ്വാളിനെയും ശ്രേയസിനെയും പോലെ എന്ത് റിസ്‌കും ടീമിനായി ഏറ്റെടുത്ത് കളിക്കുന്ന താരങ്ങള്‍ അപൂര്‍വമാണെന്നും ഇങ്ങനെ കളിച്ച് കാര്യമില്ലെന്ന ധാരണ വന്നാല്‍ അടുത്ത തവണ മുതല്‍ അവര്‍ കൂടുതല്‍ സ്വാര്‍ഥരായി കളിക്കാന്‍ തീരുമാനിച്ചേക്കുമെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അശ്വിന്‍ പറഞ്ഞു.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറായിരുന്നു ജയ്‌സ്വാള്‍. എന്നാല്‍ ഏഷ്യാകപ്പിലെത്തിയപ്പോള്‍ ജയ്‌സ്വാളിന് പകരം ശുഭ്മാന്‍ ഗില്ലിനെ കൊണ്ടുവന്നു. അഭിഷേക് ശര്‍മയും സഞ്ജു സാംസണുമാണ് മൂന്നാം ഓപ്പണറായി ടീമിലെത്തിയത്. ടീമില്‍ ഉള്‍പ്പെടുത്തി എന്ന് മാത്രമല്ല ഉപനായകനാക്കിയതോടെ ഗില്‍ എല്ലാ കളിയും കളിക്കുമെന്നും സെലക്ടര്‍മാര്‍ ഉറപ്പാക്കി. ഇങ്ങനെ ചെയ്തതോടെ അഭിഷേക് ശര്‍മയെ ഒഴിവാക്കിയാല്‍ മാത്രമെ ടി20 ടീമിലെത്തു എന്ന അവസ്ഥയിലാണ്‍ യശ്വസി ജയ്‌സ്വാള്‍.
അല്ലാതെ അവസരം വേണമെങ്കില്‍ ജയ്‌സ്വാള്‍ മധ്യനിരയിലേക്ക് മാറേണ്ടി വരും. ഇത്രയും പ്രതിഭയുള്ള ഒരു താരത്തിനോട് ചെയ്യുന്ന നീതികേടാകും അത്. ഓപ്പണറായി 36 റണ്‍സ് ശരാശരിയും 165 സ്‌ട്രൈക്ക് റേറ്റുമുള്ള കളിക്കാരനാണ് ജയ്‌സ്വാള്‍. അവനെ പോലെയുള്ള കളിക്കാരെ കണ്ടുകിട്ടുക അപൂര്‍വമാണ്. ഒരിക്കലും ജയ്‌സ്വാള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കായി കളിക്കുന്നത് കണ്ടിട്ടില്ല. മറ്റ് പലരും അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്.
ശ്രേയസും ജയ്‌സ്വാളിനെ പോലെ ടീമിന് മാത്രമായി കളിക്കുന്ന താരമാണ്. സ്വന്തം സ്‌ട്രൈക്ക് റേറ്റോ ശരാശരിയോ ഉയര്‍ത്താനായി കളിക്കുന്നവരല്ല. ഇവര്‍ രണ്ട് പേരും. അത്തരത്തിലുള്ള താരങ്ങളെ അപൂര്‍വമായി മാത്രമെ ലഭിക്കുകയുള്ളു. ശ്രേയസിന്റെയും ജയ്‌സ്വാളിന്റെയും സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇനി മുതല്‍ കൂടുതല്‍ സ്വാര്‍ഥമായി കളിച്ച് റ്റീമിലെ സ്ഥാനം നിലനിര്‍ത്താനാകും ശ്രമിക്കുക. ടി20 ക്രിക്കറ്റ് അങ്ങനെ കളിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നും അശ്വിന്‍ പറഞ്ഞു