ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെ ബാറ്റിങ് ടെക്‌നിക്കില്‍ ആശങ്ക പ്രകടിപ്പിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. മത്സരത്തില്‍ വെറും 2 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ ഗസ് ആറ്റ്കിന്‍സന്റെ പന്തില്‍ ലെഗ് ബിഫോര്‍ ആയാണ് മടങ്ങിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രണ്ടാം ടെസ്റ്റിന് ശേഷം വന്‍ സ്‌കോറുകള്‍ നേടാന്‍ ജയ്‌സ്വാളിനായിട്ടില്ല.
ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയും രണ്ടാം ടെസ്റ്റില്‍ 87 റണ്‍സും നേടിയ ശേഷമാണ് താരത്തിന്റെ ബാറ്റിംഗ് ഫോം ഇടിഞ്ഞത്. ജയ്‌സ്വാള്‍ നല്ല ബാറ്ററാണ്. എന്നാല്‍ റൈറ്റ് ആം ഫാസ്റ്റ് ബൗളറുടെ അറൗണ്ട് ദി വിക്കറ്റ് പന്തുകള്‍ ജയ്‌സ്വാളിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പന്ത് അകത്തേക്ക് വരുമ്പോള്‍ നടത്തുന്ന ഫൂട്ട് വര്‍ക്കും ഓപ്പണ്‍ ചെയ്യുന്ന ഷോള്‍ഡറുമാണ് പ്രശ്‌നം. ചെറിയ സാങ്കേതിക പ്രശ്‌നം മാത്രമാണിതെന്നും ആരെങ്കിലും ഇത് തിരുത്തുവാന്‍ ജയ്‌സ്വാളിനെ സഹായിക്കണമെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടു. പരമ്പരയുടെ തുടക്കത്തില്‍ റൈറ്റ് ആം സീമേഴ്‌സിനെതിരെ റൗണ്ട് ദ വിക്കറ്റില്‍ 116 ശരാശരി ജയ്‌സ്വാളിനുണ്ടായിരുന്നു. എന്നാല്‍ ഇത് 24.7 ആയി തകര്‍ന്നു. ആദ്യ 2 ടെസ്റ്റുകളില്‍ 101,87 എന്നീ സ്‌കോറുകള്‍ക്ക് ശേഷം കഴിഞ്ഞ അഞ്ച് ഇന്നിങ്ങ്‌സുകളില്‍ നിന്നും ഒരു അര്‍ധസെഞ്ചുറി മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചിട്ടുള്ളു.