Arjentina Football Team Kerala Visit: അർജന്റീന കേരളത്തിൽ ആർക്കെതിരെ കളിക്കും? 2022 ലോകകപ്പ് ആവർത്തിക്കുമോ?

നിഹാരിക കെ.എസ്

ഞായര്‍, 24 ഓഗസ്റ്റ് 2025 (09:35 IST)
തിരുവനന്തപുരം: കേരളത്തിൽ വന്ന് സൗഹൃദ പോരാട്ടം കളിക്കാനുള്ള തയ്യാറെടുപ്പിലാണ് അർജന്റീന ഫുട്‌ബോൾ ടീം. കളിയുടെ കാര്യത്തിൽ സ്ഥിരീകരണം വന്നതോടെ ആവേശത്തിലാണ് ഫുട്‌ബോൾ ആരാധകർ. നവംബറിലാണ് ടീം കേരളത്തിലെത്തുക. അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
ഏറെ നാളെത്തെ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് അസോസിയേഷൻ തീരുമാനം വന്നത്. ഫിഫ റാങ്കിങിലെ ആദ്യ 50നുള്ളിൽ സ്ഥാനമുള്ള ഏതെങ്കിലുമൊരു ടീമുമായി പോരാട്ടം നടത്താനാണ് തീരുമാനമെന്നു കായിക മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി. ഓസ്‌ട്രേലിയ ഫുട്‌ബോൾ ടീം താത്പര്യം അറിയിച്ചിട്ടുണ്ട്. മൂന്ന്, നാല് ടീമുകൾ താത്പര്യം അറിയിച്ചതായും മന്ത്രി പറയുന്നു.
 
ഏറെ നാളത്തെ ശ്രമത്തിനൊടുവിലാണ് ലോകകപ്പ് നേടിയ അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. സൗഹൃദ ഫുട്‌ബോളിന്റെ വേദിയടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനിക്കും. നിലവിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് കണ്ടിരിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.
 
ഓസ്‌ട്രേലിയയാണ് കളിക്കുന്നതെങ്കിൽ 2022ലെ ലോകകപ്പ് പോരാട്ടത്തിന്റെ ആവർത്തനമായിരിക്കും. ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ വിജയത്തോടെയാണ് അർജന്റീന ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. നവംബർ 10നും 18നും ഇടയിൽ അർജന്റീന ടീം കേരളത്തിലെത്തുമെന്നാണ് സ്ഥിരീകരണം വന്നരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍