സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

രേണുക വേണു

വ്യാഴം, 14 ഓഗസ്റ്റ് 2025 (11:58 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സുമായി സഞ്ജു സാംസണെ ട്രേഡ് ചെയ്യാനുള്ള രാജസ്ഥാന്‍ റോയല്‍സ് പദ്ധതിക്ക് തിരിച്ചടി. രാജസ്ഥാന്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാന്‍ ചെന്നൈ തയ്യാറായില്ല. സഞ്ജുവിനു പകരം രാജസ്ഥാന്‍ ആവശ്യപ്പെട്ട താരങ്ങളെ വിട്ടുകൊടുക്കാന്‍ ചെന്നൈയ്ക്കു താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. 
 
മൂന്ന് താരങ്ങളെയാണ് സഞ്ജുവുമായി ട്രേഡിങ് നടത്താന്‍ വേണ്ടി രാജസ്ഥാന്‍ ചെന്നൈയില്‍ നിന്ന് തിരഞ്ഞെടുത്തത്. ചെന്നൈ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് ആയിരുന്നു ആദ്യ ചോയ്‌സ്. എന്നാല്‍ ചെന്നൈയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തുന്ന ഗെയ്ക്വാദിനെ വിട്ടുകൊടുക്കാന്‍ മാനേജ്‌മെന്റിനു താല്‍പര്യമില്ല. ഗെയ്ക്വാദ് നായകനായി തുടരണമെന്ന നിലപാടിലാണ് ചെന്നൈ മാനേജ്‌മെന്റ്. 
 
ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവര്‍ക്കായും രാജസ്ഥാന്‍ ശ്രമം നടത്തി. ജഡേജ ചെന്നൈയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ രണ്ടാമതൊരു ചര്‍ച്ചയ്ക്കു രാജസ്ഥാനുമായി തയ്യാറായില്ല. പാര്‍ട് ടൈം ബൗളര്‍, ഫിനിഷര്‍ എന്നീ റോളുകളില്‍ തിളങ്ങുന്ന ശിവം ദുബെയെ വിട്ടുകൊടുത്ത് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിനെ എടുക്കുന്നത് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചേക്കുമെന്നും സി.എസ്.കെ മാനേജ്‌മെന്റ് കരുതുന്നു. അതുകൊണ്ടാണ് ദുബെയെ നല്‍കിയുള്ള ട്രേഡിങ്ങിനു മാനേജ്‌മെന്റ് തയ്യാറാകാത്തത്. 
 
അതിനിടെ മറ്റു ഫ്രാഞ്ചൈസികളോടും സഞ്ജുവിനെ ട്രേഡ് ചെയ്യാനുള്ള സാധ്യതകള്‍ രാജസ്ഥാന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. വിവിധ ഫ്രാഞ്ചൈസി ഉടമകള്‍ക്കു രാജസ്ഥാന്‍ മാനേജ്‌മെന്റ് ഇക്കാര്യം അറിയിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സഞ്ജുവിന്റെ കൂടി താല്‍പര്യം പരിഗണിച്ചാണ് രാജസ്ഥാന്‍ ട്രേഡിങ് സാധ്യതകള്‍ തേടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു ആവശ്യപ്പെട്ടതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സമീപകാലത്ത് മാനേജ്‌മെന്റുമായി താരം അത്ര നല്ല ബന്ധത്തിലല്ല. മെഗാ താരലേലത്തിനു മുന്നോടിയായി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെ റിലീസ് ചെയ്യാനുള്ള മാനേജ്‌മെന്റ് തീരുമാനമാണ് സഞ്ജുവിന്റെ അതൃപ്തികളുടെ തുടക്കം. യുസ്വേന്ദ്ര ചഹലിനെ റിലീസ് ചെയ്തതിലും സഞ്ജു ടീം മാനേജ്‌മെന്റിനെ അതൃപ്തി അറിയിച്ചിരുന്നു. റിയാന്‍ പരാഗിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുണ്ടെന്ന സൂചനകള്‍ ലഭിച്ചതോടെ സഞ്ജുവിന്റെ രാജസ്ഥാന്‍ മാനേജ്‌മെന്റുമായുള്ള ബന്ധത്തിലും വിള്ളല്‍ വീണു. സെപ്റ്റംബര്‍ അവസാനത്തോടെ ട്രേഡിങ്ങുമായി ബന്ധപ്പെട്ട കാര്യത്തില്‍ വ്യക്തത വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍