സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ടീമിൽ റിയാൻ പരാഗിനുള്ള അമിത സ്വാധീനം, തുറന്ന് പറഞ്ഞ് മുൻ താരം

അഭിറാം മനോഹർ

ചൊവ്വ, 12 ഓഗസ്റ്റ് 2025 (17:55 IST)
രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ് അടുത്ത ഐപിഎല്‍ സീസണ് മുന്‍പായി ടീം വിടാനാഗ്രഹിക്കുന്നതിനുള്ള പ്രധാനകാരണം രാജസ്ഥാന്‍ റോയല്‍സില്‍ റിയാന്‍ പരാഗിനുള്ള അമിത സ്വാധീനമാണെന്ന് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ എസ് ബദരിനാഥ്. പരാഗിന് രാജസ്ഥാന്‍ ടീമിലുള്ള സ്വാധീനം കഴിഞ്ഞ സീസണില്‍ വ്യക്തമായതാണെന്നും നായകസ്ഥാനത്തേക്ക് ടീം പരാഗിനെ കൊണ്ടുവരുമ്പോള്‍ എങ്ങനെയാണ് സഞ്ജുവിനെ പൊലൊരു താരത്തിന് ടീമില്‍ നിലനില്‍ക്കാനാകുകയെന്നും ബദരീനാഥ് ചോദിക്കുന്നു.
 
സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് വരികയാണെങ്കില്‍ എം എസ് ധോനിക്ക് പകരക്കാരനാകും. ടോപ് ഓര്‍ഡറില്‍ നിലവില്‍ നാലോ അഞ്ചോ സ്ഥാനങ്ങളിലെല്ലാം ചെന്നൈ കരുത്തരാണ്. ആയുഷ് മാത്രെയും റുതുരാജ് ഗെയ്ക്ക്വാദും ടോപ് ഓര്‍ഡറിലും ഡെവാള്‍ഡ് ബ്രെവിസ് ഫിനിഷറെന്ന നിലയിലും കഴിവ് തെളിയിച്ചവരാണ്. സഞ്ജു വന്നാലും ചെന്നൈ നായകസ്ഥാനം സഞ്ജുവിന് നല്‍കുമോ എന്നുറപ്പില്ല. കാരണം ചെന്നൈ റുതുരാജിനെ അത്രയും പിന്തുണയ്ക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ പരിക്ക് കാരണമാണ് എം എസ് ധോനിക്ക് നായകനാകേണ്ടി വന്നത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ കൊണ്ടുവന്ന് നായകനാക്കിയാല്‍ അത് റുതുരാജിനോട് ചെയ്യുന്ന നീതികേടായി മാറും.
 
ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ എം എസ് ധോനിക്ക് പകരക്കാരനാവാന്‍ പറ്റുമെങ്കില്‍ കൂടിയും സഞ്ജുവിനായി ചെന്നൈ ശ്രമിക്കണോ എന്ന കാര്യത്തില്‍ 2 മനസാണ് ഫ്രാഞ്ചൈസിക്കുള്ളത് എന്നാണ് താന്‍ മനസിലാക്കുന്നതെന്നും ബദരീനാഥ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍