പരാഗിനെ നായകനാക്കാനാണ് താത്പര്യമെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല, സഞ്ജു പോകുന്നത് രാജസ്ഥാന് ദോഷം ചെയ്യും, കെ ശ്രീകാന്ത്
രാജസ്ഥാന് റോയല്‍സ് 2026ലെ ഐപിഎല്‍ സീസണില്‍ നായകന്‍ സഞ്ജു സാംസണിനെ വിട്ടുകളയുകയാണെങ്കില്‍ അത് രാജസ്ഥാന്റെ ടീം ബാലന്‍സ് തകര്‍ക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരമായ കൃഷ്ണമാചാരി ശ്രീകാന്ത്. സഞ്ജു സാംസണ്‍ വരാനിരിക്കുന്ന ഐപിഎല്‍ സീസണിന് മുന്നൊടിയായി രാജസ്ഥാന്‍ വിടാനുള്ള താത്പര്യം അറിയിച്ച സാഹചര്യത്തിലാണ് ശ്രീകാന്തിന്റെ പ്രതികരണം. അതേസമയം സഞ്ജുവിനെ റിലീസ് ചെയ്യുമോ എന്ന കാര്യത്തില്‍ രാജസ്ഥാന്‍ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പരിക്ക് കാരണം പല മത്സരങ്ങളും സഞ്ജുവിന് നഷ്ടമായിരുന്നു. ആ സമയത്ത് റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. ഫ്രാഞ്ചൈസിയുടെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ സഞ്ജുവിന് അവര്‍ വലിയ തുക നല്‍കി. സഞ്ജുവിന് ചുറ്റുമായാണ് ടീം രൂപീകരിച്ചത്. അതിനാല്‍ തന്നെ സഞ്ജുവിനെ നഷ്ടപ്പെടുത്തിയാല്‍ റ്റീം ബാലന്‍സ് നഷ്ടമാകും. റിയാന്‍ പരാഗിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് രാജസ്ഥാന് താത്പര്യമെങ്കില്‍ അത് അവരുടെ തീരുമാനമാണ്. എന്നാല്‍ ബാറ്ററായി സഞ്ജു തുടരണം. ശ്രീകാന്ത് പറഞ്ഞു. അതേസമയം ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലേക്ക് പോവുകയാണെങ്കില്‍ ചെന്നൈ സഞ്ജുവിന് പറ്റിയ സ്ഥലമാകുമെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. തമിഴ് നാട്ടില്‍ സഞ്ജുവിന് വലിയ ആരാധകരുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു.