Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം
മത്സരത്തില്‍ 31 പന്തില്‍ 41 റണ്‍സുമായി രാജസ്ഥാന്‍ ബാറ്റിങ്ങിനെ തകരാതെ കാത്തത് സഞ്ജുവിന്റെ പ്രകടനമായിരുന്നു. ഈ പ്രകടനത്തോടെ രാജസ്ഥാനായി 4000 റണ്‍സ് തികയ്ക്കുന്ന ആദ്യതാരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. വ്യക്തിഗത സ്‌കോര്‍ 15ല്‍ നില്‍ക്കെയാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ജോസ് ബട്ട്ലര്‍ രാജസ്ഥാനായി 3055 റണ്‍സാണ് നേടിയിട്ടുള്ളത്. ഈ സീസണില്‍ കൊല്‍ക്കത്ത നായകനായിട്ടുള്ള ആജിങ്ക്യ രഹാനെ(2810) ലിസ്റ്റില്‍ മൂന്നാമതുള്ള താരം.
ഷെയ്ന്‍ വാട്ട്‌സണ്‍(2372), യശ്വസി ജയ്‌സ്വാള്‍(2166), റിയാന്‍ പരാഗ്(1563) എന്നിവരാണ് ലിസ്റ്റില്‍ പിന്നീടുള്ള താരങ്ങള്‍. രാജസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററും ഐപിഎല്ലില്‍ ഒരു ടീമിനായി മാത്രം 4000 റണ്‍ന്‍സ് നേടുന്ന ലോകത്തെ ഏഴാമത്തെ ബാറ്ററുമാണ് സഞ്ജു. ആര്‍സിബിക്കായി 8509 റണ്‍സ് നേടിയിട്ടുള്ള വിരാട് കോലിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള താരം. മുംബൈ ഇന്ത്യന്‍സിനായി 5758 റണ്‍സ് നേടിയിട്ടുള്ള രോഹിത്താണ് പട്ടികയില്‍ രണ്ടാമതുള്ളത്.
ചെന്നൈയ്ക്കായി എം എസ് ധോനി(4865), സുരേഷ് റെയ്‌ന(4687), ആര്‍സിബിക്കായി എ ബി ഡിവില്ലിയേഴ്‌സ്(4491), ഹൈദരാബാദിനായി ഡേവിഡ് വാര്‍ണര്‍(4014) എന്നിവരാണ് സഞ്ജുവിന് മുകളിലുള്ള മറ്റ് താരങ്ങള്‍. 177 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി ആകെ 4679 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഇതില്‍ 149 മത്സരങ്ങള്‍ രാജസ്ഥാനായും 28 മത്സരങ്ങള്‍ ഡല്‍ഹിക്കായുമാണ് താരം കളിച്ചിട്ടുള്ളത്.