Sanju Samson: വിമര്‍ശകര്‍ക്കു മറുപടിയുമായി കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണ്‍ ഷോ. ലീഗിലെ മൂന്നാം മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നാല് വിക്കറ്റിനു ജയിച്ചത് സഞ്ജുവിന്റെ സെഞ്ചുറി കരുത്തിലാണ്.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഏരീസ് കൊല്ലം സൈലേഴ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ലക്ഷ്യം കണ്ടു.
ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 51 പന്തില്‍ 14 ഫോറും ഏഴ് സിക്‌സും സഹിതം 121 റണ്‍സ് നേടി. മുഹമ്മദ് ആഷിക്കിന്റെ (18 പന്തില്‍ പുറത്താകാതെ 45) വെടിക്കെട്ട് ഇന്നിങ്‌സ് കൊച്ചിയുടെ ജയത്തില്‍ നിര്‍ണായകമായി. മുഹമ്മദ് ഷാനു 28 പന്തില്‍ 39 റണ്‍സെടുത്തു.
വിഷ്ണു വിനോദിന്റെ കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത കൊല്ലം മികച്ച സ്‌കോര്‍ നേടിയത്. 41 പന്തില്‍ മൂന്ന് ഫോറും പത്ത് സിക്‌സും സഹിതം 94 റണ്‍സാണ് വിഷ്ണു നേടിയത്. നായകന്‍ സച്ചിന്‍ ബേബി കൊല്ലത്തിനായി 44 പന്തില്‍ ആറ് വീതം ഫോറും സിക്‌സുകളുമായി 91 റണ്‍സെടുത്തു.
കഴിഞ്ഞ കളിയില്‍ നിറംമങ്ങിയതിനെ തുടര്‍ന്ന് സഞ്ജു ഒരുപാട് പഴികള്‍ കേട്ടിരുന്നു. 22 പന്തില്‍ 13 റണ്‍സ് മാത്രമെടുത്താണ് സഞ്ജു അന്ന് പുറത്തായത്. എന്നാല്‍ ഇത്തവണ വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് വെടിക്കെട്ട് ഇന്നിങ്‌സുമായി സഞ്ജു തിരിച്ചെത്തി.