കേരള ക്രിക്കറ്റ് ലീഗിലെ ആവേശകരമായ പോരാട്ടത്തില്‍ കൊല്ലം സെയ്‌ലേഴ്‌സ് ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്‌സ് വിഷ്ണു വിനോദിന്റെയും(41 പന്തില്‍ 94) ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും (44 പന്തില്‍ 91) ബാറ്റിംഗ് കരുത്തിന്റെ മികവില്‍ 236 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലു ടൈഗേഴ്‌സ് അവസാനപന്തിലാണ് വിജയം സ്വന്തമാക്കിയത്.
കൊല്ലം ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി സഞ്ജു സാംസണ്‍ 51 പന്തില്‍ 121 റണ്‍സാണ് നേടിയത്. 14 ഫോറുകളും 7 സിക്‌സറുമടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. 45* റണ്‍സുമായി മുഹമ്മദ് ആശിഖും 39 റണ്‍സുമായി മുഹമ്മദ് ഷാനുവും സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. അവസാന പന്തില്‍ 6 റണ്‍സ് വേണമെന്ന നിലയില്‍ ഷറഫുദ്ദീനെ സിക്‌സറിന് പറത്തിയാന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ആവേശകരമായ വിജയം സ്വന്തമാക്കിയത്.