ഏഷ്യാകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ ഓള്‍റൗണ്ടര്‍ സയിം അയൂബിനെ പാകിസ്ഥാന്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ടീമില്‍ നിന്നാണ് താരത്തെ പുറത്താക്കിയത്. തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ സയിം അയൂബ് കണങ്കാലിനേറ്റ പരിക്കില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം തന്റെ താളം വീണ്ടെടൂക്കാനാണ് പ്രയാസപ്പെടുകയാണ്. ഏഷ്യാകപ്പില്‍ ദയനീയമായ പ്രകടനമാണ് താരം നടത്തിയത്.
ഏഷ്യാകപ്പിലെ 7 മത്സരങ്ങളില്‍ നാലിലും സയിം അയൂബ് ഡക്കായിരുന്നു. ഇന്ത്യക്കെതിരായ സൂപ്പര്‍ 4ല്‍ 21 റണ്‍സെടുത്തതാണ് ടൂര്‍ണമെന്റിലെ താരത്തിന്റെ മികച്ച പ്രകടനം. തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും താരത്തിന് അവസരങ്ങള്‍ തുടര്‍ന്നും നല്‍കുന്നതില്‍ വലിയ വിമര്‍ശനമുണ്ടായിരുന്നു. ബാറ്റിങ്ങിലെ മോശം പ്രകടനത്തിനിടയിലും ബൗളിങ്ങില്‍ തിളങ്ങാന്‍ അയൂബിന് സാധിച്ചിരുന്നു. ടൂര്‍ണമെന്റില്‍ 8 വിക്കറ്റുകളാണ് താരം നേടിയത്.