ഏഷ്യാകപ്പ് ടൂര്‍ണമെന്റിനിടെ പാകിസ്ഥാനെതിരായ മത്സരങ്ങളില്‍ പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കേണ്ടതില്ലെന്ന ഇന്ത്യന്‍ തീരുമാനം വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ 3 തവണ ഏറ്റുമുട്ടിയപ്പോഴും പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ടീം തയ്യാറായിരുന്നില്ല. എസിസി പ്രസിഡന്റ് കൂടിയായ പാകിസ്ഥാന്‍ നേതാവ് മൊഹ്‌സിന്‍ നഖ്വിയില്‍ നിന്നും ഇന്ത്യന്‍ ടീം ട്രോഫി ഏറ്റുവാങ്ങുകയും ചെയ്തിരുന്നില്ല.
ഇപ്പോഴിതാ വനിതാ ഏകദിന ലോകകപ്പിലും ഇന്ത്യ- പാക് മത്സരത്തിന് കളമൊരുങ്ങുകയാണ്. ഏഷ്യാകപ്പിലെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് ഒക്ടോബര്‍ അഞ്ചിനാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. കളിക്കാരുടെ ഹസ്തദാനത്തില്‍ ഐസിസിയുടെ പ്രത്യേക പ്രോട്ടോക്കോള്‍ ഇല്ലെങ്കിലും പുരുഷന്മാരുടെ അതേ നയമാകുമോ വനിതാ ക്രിക്കറ്റില്‍ ഇന്ത്യ സ്വീകരിക്കുക എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതേസമയം ഇത് സംബന്ധിച്ച് ബിസിസിഐ ഇന്ത്യന്‍ നായകനായ ഹര്‍മന്‍ പ്രീതിനോട് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് സൂചനകള്‍. ഇതിനെ സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങളോട് ഹര്‍മന്‍ പ്രീതിന്റെ മറുപടി ഇങ്ങനെയായിരുന്നു. കളിയുടെ കാര്യങ്ങള്‍ മാത്രമാണ് കളിക്കാരുടെ നിയന്ത്രണത്തിലുള്ളത്. മറ്റുള്ള കാര്യങ്ങള്‍ക്ക് മുകളില്‍ എനിക്ക് യാതൊരു നിയന്ത്രണവുമില്ല. അത്തരം കാര്യങ്ങള്‍ ചിന്തിക്കാറില്ല. ഡ്രസ്സിങ് റൂമിലും ചര്‍ച്ചയാകാറില്ല. ഹര്‍മന്‍ പ്രീത് പറഞ്ഞു.