ഏഷ്യാകപ്പിൽ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു,ദുലീപ് ട്രോഫിയിലെ നായകസ്ഥാനം ഉപേക്ഷിച്ചു, ശ്രേയസിന് നഷ്ടങ്ങൾ മാത്രം
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ താരമായ ശ്രേയസ് അയ്യര്‍. കഴിഞ്ഞ 2 വര്‍ഷക്കാലമായി ഇന്ത്യന്‍ ടീമിന് വേണ്ടിയും ഐപിഎല്ലിലും ആഭ്യന്തര ലീഗിലുമെല്ലാം മികവ് തെളിയിച്ചതിനാല്‍ തന്നെ ഇക്കുറി ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് ഇടം പിടിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ടീം പ്രഖ്യാപനം വന്നപ്പോള്‍ ആദ്യ 15ല്‍ ഇടം പിടിക്കാന്‍ താരത്തിനായിരുന്നില്ല.
ഇന്ത്യന്‍ ടീമിലെ സ്ഥാനം മാത്രമല്ല ദുലീപ് ട്രോഫിയിലെ നായകസ്ഥാനം ഈ സമയം കൊണ്ട് ശ്രേയസിന് നഷ്ടമായി. ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ശ്രേയസ് അയ്യര്‍ ദുലീപ് ട്രോഫിയിലെ നായകസ്ഥാനം നേരത്തെ വേണ്ടെന്ന് വെച്ചിരുന്നു. ഇതോടെ വെസ്റ്റ് സോണിന്റെ നായകനായി ഷാര്‍ദൂല്‍ ഠാക്കൂറാണ് ഇടം പിടിച്ചത്. ഓഗസ്റ്റ് 29 മുതല്‍ ബെംഗളുരുവിലാണ് ദുലീപ് ട്രോഫി മത്സരങ്ങള്‍. ഏഷ്യാകപ്പിനുള്ള ടീമില്‍ ഇടം നേടിയാല്‍ ടീം ക്യാമ്പില്‍ ചേരാനും തയ്യാറെടുപ്പ് നടത്താനും സമയം വേണം എന്നുള്ളത് കൊണ്ടായിരുന്നു വെസ്റ്റ് സോണ്‍ നായകസ്ഥാനം ശ്രേയസ് വേണ്ടെന്ന് വെച്ചത്.
യുവതാരങ്ങളായ യശ്വസി ജയ്‌സ്വാളും റിയാന്‍ പരാഗും സ്റ്റാന്‍ഡ് ബൈ താരങ്ങളായി ഇടം പിടിച്ച പട്ടികയിലാണ് ശ്രേയസിന് ഇടം പിടിക്കാന്‍ സാധിക്കാതെ വന്നത്. ടീം സെലക്ഷനില്‍ ഗൗതം ഗംഭീറിന്റെ തീരുമാനങ്ങളാണ് പ്രതിഫലിച്ചതെന്നും ശ്രേയസിനെ ഗംഭീര്‍ തഴഞ്ഞെന്നുമാണ് ആരാധകര്‍ പറയുന്നത്. 2023 ഡിസംബറിലാണ് ശ്രേയസ് അവസാനമായി ടി20യില്‍ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ 37 പന്തില്‍ 53 റണ്‍സുമായി ശ്രേയസ് തിളങ്ങിയിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ 604 റണ്‍സ് നേടിയ ശ്രേയസ് നിലവില്‍ വമ്പന്‍ ഫോമിലാണ്.