Sanju Samson: അമേരിക്കയിൽ ടെക്സാസ് സൂപ്പർ കിങ്സിൻ്റെ മത്സരം കാണാനെത്തി സഞ്ജു, ചേട്ടൻ ചെന്നൈയിലേക്കെന്ന് ഉറപ്പിച്ച് ചെന്നൈ ആരാധകർ

അഭിറാം മനോഹർ

വെള്ളി, 20 ജൂണ്‍ 2025 (20:22 IST)
2025ലെ ഐപിഎല്‍ സീസണ്‍ മലയാളി താരം സഞ്ജു സാംസണിന് അത്ര മികച്ചതായിരുന്നില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ടീമിന്റെ മോശം പ്രകടനങ്ങളും കാരണം സീസണില്‍ ഒന്‍പതാമതായാണ് രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്. സീസണില്‍ ഉടനീളം റിയാന്‍ പരാഗിനെ നായകനാക്കി ഉയര്‍ത്തി കാണിക്കാനുള്ള ശ്രമവും രാജസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
 
രാജസ്ഥാന്റെ പല തീരുമാനങ്ങളിലും നായകനായി സഞ്ജു സാംസണിന് കാര്യമായ ഇടം ലഭിക്കുന്നില്ല എന്ന വാര്‍ത്തകളും കഴിഞ്ഞ ഐപിഎല്ലിനിടെ ഉയര്‍ന്ന് കേട്ടിരുന്നു. ഈ സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് സഞ്ജു പോകുമെന്ന റിപ്പോര്‍ട്ടുകളും ഉയര്‍ന്നിരുന്നു. സൂപ്പര്‍ താരം ധോനി വിരമിക്കുന്നതോടെ ലഭിക്കുന്ന ചെന്നൈയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തായിരിക്കും സഞ്ജു എത്തുക എന്നതാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐപിഎല്ലില്‍ ആരാധക പിന്തുണയുള്ള സഞ്ജു ധോനിയ്ക്ക് പിന്‍ഗാമിയാകുമെന്നാണ് പല ക്രിക്കറ്റ് ആരാധകരും കരുതുന്നത്.
 
 ഇതുമായി ബന്ധപ്പെട്ട് സഞ്ജുവോ ചെന്നൈ അധികൃതരോ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സഞ്ജു പങ്കുവെയ്ക്കുന്ന പല കാര്യങ്ങളും ഈ വാര്‍ത്തകളെ ശരിവെയ്ക്കുന്നതാണെന്നാണ് ആരാധകര്‍ കരുതുന്നത്. ഇപ്പോഴിതാ നിലവില്‍ അമേരിക്കയിലുള്ള സഞ്ജു സാംസണ്‍ ടെക്‌സാസ് സൂപ്പര്‍ കിങ്ങ്‌സിന്റെ മത്സരം കാണാനെത്തിയതാണ് ചര്‍ച്ചയായിരിക്കുന്നത്.
 
അമേരിക്കയില്‍ നടക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റില്‍ ടെക്‌സാസ് സൂപ്പര്‍ കിങ്‌സും എംഐ ന്യൂയോര്‍ക്കും തമ്മിലുള്ള മത്സരം കാണാനാണ് സഞ്ജു എത്തിയത്. സഞ്ജുവിന്റെ ഭാര്യയായ ചാരുലതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഈ വിവരം പരസ്യമാക്കിയത്. സഞ്ജു സ്റ്റാന്‍ഡിലിരുന്ന് മത്സരം കാണുന്നതായിരുന്നു ചാരുലതയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇതോടെ സഞ്ജു ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്ങിനെ കാണാനാണ് എത്തിയതെന്നും അടുത്ത സീസണില്‍ സഞ്ജു ചെന്നൈയില്‍ തന്നെ എത്തുമെന്നും സിഎസ്‌കെ ആരാധകര്‍ പറയുന്നു. സഞ്ജു ചെന്നൈയിലേക്കെന്ന അഭ്യൂഹങ്ങളെ ശരിവെയ്ക്കുന്നതാണ് ഈ സംഭവമെന്നും ആരാധകര്‍ പറയുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍